ലൈറ്റ് തെളിക്കുന്നില്ല; ദര്‍ബാര്‍ഹാള്‍ ഇരുട്ടിൽ
1495989
Friday, January 17, 2025 3:34 AM IST
കൊച്ചി: നഗരത്തിലെ പ്രധാന വിശ്രമ കേന്ദ്രങ്ങളിലൊന്നായ എറണാകുളം ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടില്‍ രാത്രി കാലങ്ങളില്‍ വെളിച്ചമില്ലെന്ന് പരാതി. ഇതോടെ രാത്രിയായാല്‍ ഇവിടെ ഇരിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും ഇവിടെ സമയം ചെലവഴിക്കാന്‍ എത്തുന്നവര്‍ പറയുന്നു. വെളിച്ചമില്ലാതായതോടെ രാത്രി പത്ത് വരെ തുറന്നിരിക്കുന്ന സ്ഥലത്ത് എട്ട് മണിയോടെ ആളുകള്‍ കാലിയാവുകയാണ്.
ദിവസേന വൈകുന്നേരങ്ങളില്‍ നിരവധി പേരാണ് കുടുംബസമേതം സമയം ചെലവിടാനായി ദര്‍ബാര്‍ഹാള്‍ ഗ്രൗണ്ടിലെത്തുന്നത്. ഗ്രൗണ്ടിലെ ലൈറ്റുകള്‍ കൃത്യമായി പ്രകാശിക്കാതായത് കുട്ടികളുമായി എത്തുന്നവര്‍ക്കും പ്രയാസം ഉണ്ടാക്കുന്നു. വെളിച്ചമില്ലാത്തതിനാല്‍ രാത്രിയില്‍ ഇവിടുത്തെ ഗ്രൗണ്ടില്‍ ഇറങ്ങാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇഴജന്തുക്കളുടെ ശല്യവും ഉണ്ട്. ആവശ്യത്തിന് ലൈറ്റുകള്‍ ഉണ്ടായിട്ടും അവ പ്രകാശിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് വിശ്രമിക്കാനെത്തുന്നവര്‍ പറയുന്നു. ചുരുക്കം ലൈറ്റുകള്‍ മാത്രമാണ് നിലവില്‍ പ്രകാശിപ്പിക്കുന്നത്. ഈ സ്ഥിതി മാറണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
നടപടി ആവശ്യപ്പെട്ട് ഹൈബി ഈഡന് കത്ത് നല്കി
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ലൈറ്റ് തെളിക്കുന്നില്ലെന്ന പരാതിയിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് ഹൈബി ഈഡന് എംപി ഡിടിപിസി ചെയര്മാന് കൂടിയായ ജില്ലാ കളക്ടര്‍ക്ക് കത്ത് നല്കി. ആവശ്യത്തിന് ലൈറ്റുകള്‍ ഉണ്ടായിട്ടും അത് കത്തിക്കാത്തത് ഖേദകരമാണ്. വിഷയത്തില്‍ എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്നും എംപി ആവശ്യപ്പെട്ടു.