കരുമാലൂരിലെ സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് യുഡിഎഫിന്
1495977
Friday, January 17, 2025 3:22 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിൽ ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബിജെപി അംഗം യുഡിഎഫിന് വോട്ടു ചെയ്തു. തുടർന്ന് എൽഡിഎഫ്-യുഡിഎഫ് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് ലഭിച്ചതിനെത്തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽഡിഎഫ് അംഗം വിജയിച്ചു. കഴിഞ്ഞ കുറേ നാളുകളായി കരുമാലൂരിൽ ഉണ്ടായിരുന്ന കോൺഗ്രസ് - ബിജെപി ബന്ധം പുറത്തായതോടെ ഇരു പാർട്ടികളിലേയും പ്രവർത്തകർ കടുത്ത പ്രതിഷേധത്തിലാണ്.
ഒരു മാസം മുൻപാണ് കരുമാലൂർ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പു നടത്തത്. തുടർന്ന് സ്ഥിരംസമിതികളിലുണ്ടായ ഒഴിവിലേക്കാണ് ഇന്നലെ രാവിലെ തെരഞ്ഞെടുപ്പ് നടന്നത്. എൽഡിഎഫ് 10, യുഡിഎഫ് ഒമ്പത്, ബിജെപി ഒന്ന് എന്നിങ്ങനെയാണ് ഭരണസമിതിയുടെ നിലവിലെ കക്ഷിനില.
ക്ഷേമകാര്യ സ്ഥിരംസമിതിയിലേക്ക് എൽഡിഎഫിലെ ജിൽഷ തങ്കപ്പനും, യുഡിഎഫിന്റെ കെ.എം. ലൈജുവുമാണ് മത്സരിച്ചത്. ബിജെപിയുടെ മോഹൻകുമാർ കാമ്പിള്ളി, കോൺഗ്രസിലെ കെ.എം. ലൈജുവിന് വോട്ടു ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 10 വീതം വോട്ട് ലഭിച്ചു. തുടർന്ന് നടന്ന നറുക്കെടുപ്പിൽ എൽഡിഎഫിന്റെ ജിൽഷ തങ്കപ്പൻ വിജയിച്ചു. ഇതോടെ ക്ഷേമകാര്യ സ്ഥിരംസമിതിയിൽ എൽഡിഎഫിന് മുന്നും, യുഡിഎഫിന് രണ്ടും അംഗങ്ങളായി.
എൽഡിഎഫ് പിന്തുണയോടെ വിജയിച്ച മുഹമ്മദ് മെഹ്ജൂബാണ് നിലവിലെ ചെയർമാൻ. എന്നാൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇയാൾ യുഡിഎഫ് പക്ഷത്തേക്ക് കൂറുമാറിയിരുന്നു. ഭൂരിപക്ഷം നഷ്ടമായതോടെ മുഹമ്മദ് മെഹ്ജൂബിന് സ്ഥിരംസമിതി ചെയർമാൻ പദവി നഷ്ടമാകും. വികസനകാര്യ സ്ഥിരംസമിതിയിലേക്ക് എൽഡിഎഫ് അംഗം ശ്രീലത ലാലു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.