എൻജിൻ നിലച്ച ബോട്ട് കടലിൽ ഒറ്റപ്പെട്ടു
1495701
Thursday, January 16, 2025 4:40 AM IST
കൊച്ചി: കവരത്തി ദ്വീപിൽ നിന്നും സുഹെലി ദ്വീപിലേക്ക് തീർഥാടകരുമായി പോയ ബോട്ട് യാത്രയ്ക്കിടയിൽ എൻജിൻ തകരാർ മൂലം കടലിൽ ഒറ്റപ്പെട്ടു. മൊഹമ്മദ് കാസിം 2 എന്ന മത്സ്യബന്ധന ബോട്ടും യാത്രക്കാരെയും തീരസുരക്ഷാ സേന രക്ഷപ്പെടുത്തി കരയിലെത്തിച്ചു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ 54 യാത്രികരെയാണ് ലക്ഷദ്വീപ് ഫിഷറിസ്, തുറമുഖം വകുപ്പുകളുടെ സഹകരണത്തോടെ കോസ്റ്റ് ഗാർഡ് കപ്പലായ സാക്ഷമിൽ കയറ്റി കവരത്തി ദ്വീപിലേക്ക് തിരിച്ചെത്തിച്ചത്.
എൻജിൻ തകരാറിനെ തുടർന്ന് സുഹെലി ദ്വീപിൽനിന്നു നാലു നോട്ടിക്കൽ മൈൽ അകലെ ഒഴുക്കിലകപ്പെട്ട ബോട്ട് മണിക്കൂറുകളോളം ദിശ മാറി സഞ്ചരിക്കുകയായിരുന്നെന്നു കോസ്റ്റ് ഗാർഡ് അധികൃതർ പറഞ്ഞു.