കൂവപ്പടി ബ്ലോക്കിൽ സുഫലം മൂവാണ്ടന്‍ പദ്ധതിക്കു തുടക്കമായി
1495685
Thursday, January 16, 2025 4:20 AM IST
പെരുമ്പാവൂര്‍: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സുഫലം മൂവാണ്ടന്‍ പദ്ധതിക്ക് തുടക്കമായി. ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ 1,200 ഓളം അത്യുത്പാദന ശേഷിയുള്ള മൂന്നു വര്‍ഷം കൊണ്ട് കായ്ക്കുന്ന മുവാണ്ടന്‍ മാവിന് തൈകള്‍ സബ്സിഡി നിരക്കില്‍ നല്‍കും.
വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ചു ലക്ഷം രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് ഇതിനായി വകയിരുത്തിയതെന്ന് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍ അറിയിച്ചു.
മാവിന് തൈകള്‍ക്കൊപ്പം ഗ്രാഫ്റ്റ് ചെയ്ത 1068 റംബൂട്ടാന് തൈകളും 1221 പ്ലാവിന് തൈകളും വിതരണം ചെയ്യും. കൃഷി ഭവന് മുഖേനയാണ് തൈകള്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്.
വിള വിസ്തൃതി പദ്ധതിയായിട്ടാണ് ഇത് നടപ്പിലാക്കുന്നത്. വനിതാ കര്‍ഷകര്‍ക്ക് വേണ്ടിയുള്ള പദ്ധതിയാണ്. തൈകളുടെ 75 ശതമാനം തുക ബ്ലോക്ക് പഞ്ചായത്ത് വിനിയോഗിക്കും. ബാക്കി 25 ശതമാനം ഗുണഭോക്തൃ വിഹിതമായി ഈടാക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ടി. അജിത്കുമാര്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് അംബിക മുരളീധരന് അധ്യക്ഷത വഹിച്ചു.