വൈറ്റില ഹബ്ബ് നവീകരണം അടുത്തയാഴ്ച മുതൽ
1495707
Thursday, January 16, 2025 4:47 AM IST
കൊച്ചി: ഒരു വര്‍ഷത്തിലേറെയായി കുണ്ടും കുഴിയുമായി യാത്രക്കാരെ വലച്ച വൈറ്റില മൊബിലിറ്റി ഹബ്ബിലെ ദുരിതയാത്രയ്ക്ക് പരിഹാരമാകുന്നു. കൊച്ചിന് സ്മാര്‍ട്ട് മിഷന് ലിമിറ്റഡ് (സിഎസ്എംഎല്‍) നേതൃത്വത്തില്‍ ഹബ്ബിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്തയാഴ്ച ആരംഭിക്കും. ബസ് ബേ ഉള്‍പ്പെടെ ടൈല്‍ വിരിച്ചിട്ടുള്ള ഭാഗവും ഹബ്ബിലേക്കുള്ള പ്രവേശനവഴികളുമാണ് നവീകരിക്കുന്നത്. ഹബ്ബിന്റെ തെക്കുവശത്തായി പഴയ ബോട്ട് ജെട്ടിയോടു ചേര്‍ന്ന് കുട്ടികള്‍ക്കായി നേച്ചര്‍ തീം പാര്‍ക്ക് നിര്‍മാണവും ഇതോടൊപ്പം നടക്കും.
സര്‍വീസ് റോഡിന് സമാനമായ നിലയിലാകും സ്റ്റാന്‍ഡും നവീകരിക്കുക. ടൈല്‍ ഇളക്കി മാറ്റിയ ശേഷം മണ്ണിട്ട് കുഴികൾ നികത്തും. വെള്ളം കെട്ടി നില്ക്കുന്ന സാഹചര്യം ഒഴിവാക്കാനാണിത്. അതിനു മുകളില്‍ ഗ്രാവല്‍ വിതറിയശേഷം ടൈല്‍ പാകും. കൂടാതെ ലൈറ്റുകളും സ്ഥാപിക്കും. 5.17 കോടിയാണ് ചെലവ് കണക്കാക്കുന്നത്.
അതേസമയം ഹബ്ബില്‍ യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്ന ഭാഗത്ത് കാര്യമായ നവീകരണം ഉണ്ടാകില്ല. എങ്കിലും ലൈറ്റുകളും ഫാനുകളും ഇരിപ്പിടങ്ങളുമൊക്കെ കൂടുതലായി ഒരുക്കും. ഡിജിറ്റല്‍ സൂചനാ ബോര്‍ഡുകളും സ്ഥാപിക്കും.
മഴയത്ത് മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്നത് സംബന്ധിച്ച് നേരത്തെ പരാതി ഉയര്‍ന്നിരുന്നു. അത് പരിഹരിക്കുന്നതിനുള്ള നടപടികള്‍ ഇക്കൂട്ടത്തിലില്ല. വാട്ടര്‍ മെട്രോയുടെ ഇന്റഗ്രേറ്റഡ് മള്‍ട്ടിമോഡല്‍ ട്രാന്സ്പോര്ട്ടേഷന് ടെര്‍മിനലിലെ ബസ് വെയിറ്റിംഗ് ബേയ്ക്ക് സമീപമാണ് നേച്ചര്‍ തീം പാര്‍ക്ക് വരുന്നത്. നമ്പര്‍ 13 ബസ്ബേയ്ക്ക് പിന്നില്‍ കണിയമ്പുഴ ആറിന് തീരത്തുള്ള 5.5 ഏക്കര്‍ സ്ഥലമാണ് പാര്‍ക്കിനായി നവീകരിക്കുക.
ശില്പഗാലറി, വിനോദപരിപാടികള്‍ നടത്താനുള്ള രണ്ട് റിക്രിയേഷണല്‍ ഏരിയ, ഫുഡ് കിയോസ്ക്, കളിസ്ഥലം എന്നിവ പാര്‍ക്കില്‍ ഉണ്ടാകും. കുട്ടികളുടെ ബുദ്ധിവികാസത്തിനും അവര്‍ക്കുണ്ടാകുന്ന വിവിധ പ്രശ്നങ്ങള്‍ കണ്ടെത്തുന്നതിനുമായി സെന്‍സറി പ്ലേ എക്യുപ്മെന്റും സ്ഥാപിക്കും. നടപ്പാതകള്‍, ബെഞ്ചുകള്‍ എന്നിവയും സ്ഥാപിക്കും. സിസിടിവി കാമറകളും ഉണ്ടാകും. 5.43 കോടിയാണ് ചെലവ് കണക്കാക്കുന്നത്.