പറവൂർ കൂട്ടക്കൊല : പ്രതി റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ
1495972
Friday, January 17, 2025 3:22 AM IST
പറവൂർ: ചേന്ദമംഗലത്ത് കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി ഋതു ജയൻ പോലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ക്രിമിനൽ. സ്കൂൾ പഠനകാലം മുതൽ ലഹരിക്ക് അടിമയായ ഇയാൾ നിരവധി കേസുകളിൽ പ്രതിയാണ്. അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ ഉൾപ്പെട്ട ഋതു നാട്ടുകാർക്ക് എന്നും തലവേദനയായിരുന്നു.
കുറച്ചുകാലം ബംഗളൂരുവിൽ തട്ടുകട നടത്തിപ്പുപോലുള്ള ജോലികൾ ചെയ്തിരുന്നെങ്കിലും അധികകാലം തുടർന്നില്ല. ലഹരി ഉപയോഗിച്ചാൽ അക്രമകാരിയാകുന്ന ഇയാൾ എപ്പോഴും രണ്ടു കത്തിയെങ്കിലും കൈയിൽ കരുതാറുണ്ട്.
മൂന്നുപേരെ ഇരുമ്പു പൈപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയതെങ്കിലും ആ സമയവും ഇയാളുടെ കൈയിൽ രണ്ടു കത്തികൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.
ഋതുവിൽ നിന്നും പല വിധ ഉപദ്രവങ്ങൾ ഉണ്ടായതാണ് പോലീസിൽ പരാതി നൽകാൻ കൊല്ലപ്പെട്ട വേണുവിന്റെ കുടുംബം നിർബന്ധിതമായത്. കൂട്ടക്കൊലയ്ക്കു മുമ്പ് ഇയാൾ അവരുടെ വീട്ടിലെത്തി വെല്ലുവിളി നടത്തിയിരുന്നു.
വിദ്യാർഥികളായ രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ സാന്നിധ്യത്തിലാണ് ഇയാൾ അരുംകൊല നടത്തിയത്. നിസാരകാര്യങ്ങൾക്കുപോലും അക്രമകാരിയായി മാറുന്നതും സ്ത്രീകളെ ഉപദ്രവിക്കുന്നതും ഇയാളുടെ സ്വഭാവമായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
ദൗര്‍ഭാഗ്യകരമായ സംഭവം: വി.ഡി. സതീശന്
പറവൂര്‍: പറവൂര്‍ ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെങ്കില്‍ അതീവ ഗൗരവതരമായ കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്.
ദൗര്‍ഭാഗ്യകരമായ സംഭവമാണ് ചേന്ദമംഗലത്ത് ഉണ്ടായത്. ലഹരി ഉപയോഗം ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. എന്തെങ്കിലും ഗൂഢാലോചന ഉണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. നിയമസഭയില്‍ നയപ്രഖ്യാപനം കഴിഞ്ഞാല്‍ ഉടന്‍ സ്ഥലത്തെത്തും. കുടുംബാംഗങ്ങളെ കാണും. അവര്‍ക്ക് എല്ലാ പിന്തുണയും സഹായവും ഉറപ്പു വരുത്തുമെന്നും സതീശന് പറഞ്ഞു.