ചെങ്ങൽ പാലത്തിൽ വീണ്ടും കേബിൾ മോഷണം
1495983
Friday, January 17, 2025 3:33 AM IST
കാലടി: നാല് മാസത്തിനിടെ മൂന്നാം തവണയും ചെങ്ങൽ പാലത്തിലെ സ്ട്രീറ്റ് ലൈറ്റ് കേബിളുകൾ മോഷ്ടിക്കപ്പെട്ടു. പാലത്തിന്റെ കാഞ്ഞൂർ ഭാഗത്തുനിന്നും 40 മീറ്ററോളം കേബിളുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇതിന് 5,600 രൂപ വില വരും.
കഴിഞ്ഞ രണ്ട് ദിവസമായി പാലത്തിൽ വിളക്കുകൾ തെളിയാത്തതിനെത്തുടർന്ന് കരാറുകാരെ വരുത്തി പരിശോധിച്ചപ്പോഴാണ് കേബിൾ മുറിച്ചു മാറ്റിയതായി കാണാൻ കഴിഞ്ഞത്. പോലീസിൽ പരാതി നൽകുന്നതിന് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരാൾ ഈ ഭാഗത്ത് സ്കൂട്ടറിൽ ഇരിക്കുന്നതായി സമീപവാസികൾ കണ്ടിരുന്നതായി പറയപ്പെടുന്നു. ഇന്നുതന്നെ പുതിയ കേബിളുകൾ സ്ഥാപിച്ച് ലൈറ്റുകൾ തെളിക്കുന്നതിനുള്ള നടപടി ചെയ്തുവരുന്നു.