പായിപ്ര പഞ്ചായത്തിൽ യുഡിഎഫിനു തിരിച്ചടി : എൽഡിഎഫ് പിന്തുണയോടെ വിജി പ്രഭാകരൻ വൈസ് പ്രസിഡന്റ്
1495690
Thursday, January 16, 2025 4:30 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ നടന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടി. നാല് വർഷമായി യുഡിഎഫ് മുന്നണിയിലെ കോണ്ഗ്രസ് അംഗമായിരുന്ന പതിനഞ്ചാം വാർഡ് അംഗം വിജി പ്രഭാകരൻ തെരഞ്ഞെടുപ്പ് ദിവസം എൽഡിഎഫിനൊപ്പംനിന്ന് വിജയിച്ചു.
യുഡിഎഫ് സ്ഥാനാർഥി പന്ത്രണ്ടാം വാർഡംഗം നെജി ഷാനവാസിനെ പരാജയപ്പെടുത്തിയാണ് വിജി പ്രഭാകരൻ വിജയിച്ചത്. തെരഞ്ഞെടുപ്പിൽ വിജി പ്രഭാകരൻ 11 വോട്ടുകളും നെജി ഷാനവാസ് 10 വോട്ടുകളും നേടി.
യുഡിഎഫിലെ ധാരണ പ്രകാരം കോണ്ഗ്രസിലെ പത്താം വാർഡംഗം ഷോബി അനിൽ രാജിവച്ച ഒഴിവിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് കനത്ത തിരിച്ചടിയായാണ് വിജി പ്രഭകരന്റെ കൂറുമാറ്റം. പാർട്ടിക്കുള്ളിൽനിന്ന് നേരിട്ട അവഗണനയും താൻ ജനിച്ച് വളർന്ന സമുദായത്തെ അധികരിച്ച് മോശമായ പെരുമാറ്റവും നേരിടേണ്ടി വന്നതിനാലാണ് എൽഡിഎഫിനൊപ്പം ചേർന്നതെന്ന് വിജി പ്രഭാകരൻ പറഞ്ഞു.
വൈസ് പ്രസിഡന്റ് സ്ഥാനാർഥി നിർണയ ചർച്ചയിൽ ഒരിക്കൽപോലും വിജി പ്രഭാകരൻ ആവശ്യം ഉന്നയിച്ചിരുന്നില്ലെന്നും അങ്ങനെ ആവശ്യപ്പെട്ടിരുന്നെങ്കിൽ വൈസ് പ്രസിഡന്റ് സ്ഥാനം നൽകുമായിരുന്നുവെന്നും ഇതുകൊണ്ടൊന്നും യുഡിഎഫിനെ തകർക്കാൻ എൽഡിഎഫിന് ആവില്ലെന്നും മുൻ പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി പറഞ്ഞു.
വിജി പ്രഭാകരൻ സാന്പത്തിക അഴിമതി കാണിച്ചു: കോണ്ഗ്രസ്
മൂവാറ്റുപുഴ: പുതിയതായി അനുമതി നൽകിയ പ്ലൈവുഡ് കന്പനികളിൽ നിന്നുള്ള കള്ളപ്പണം ഉപയോഗിച്ച് സിപിഎം ജനാധിപത്യത്തെ അട്ടിമറിച്ചെന്ന് കോണ്ഗ്രസ് ആരോപിച്ചു. ഈ അഴിമതി പണം കൈപ്പറ്റിയാണ് വിജി പ്രഭാകരൻ കാലുമാറിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വിജി പ്രഭാകരന് ഒരു അവസരം നൽകുന്നതിന് പാർട്ടി ഒരുക്കമായിരുന്നു. എന്നാൽ ആശാ പ്രവർത്തകയായതിനാൽ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങൾ വഹിക്കുവാൻ നിയമപരമായ തടസമുണ്ട്.
ഇക്കാര്യം വിജി പ്രഭാകരൻ തന്നെയാണ് പാർട്ടി നേതൃത്വത്തെ അറിയിച്ചത്. ഇതേതുടർന്നാണ് നെജി ഷാനവാസിന് പാർട്ടി അവസരം നൽകിയതെന്ന് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ് പറഞ്ഞു. പുതിയ വീട് നിർമിച്ചതിന്റെ ബാധ്യത തീർക്കുന്നതിന് സിപിഎമ്മിൽനിന്ന് വിജി പ്രഭാകരൻ പണം കൈപ്പറ്റിയെന്നും കോണ്ഗ്രസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം വളരെ സന്തോഷത്തോടെയാണ് വിജി പ്രഭാകരൻ വിപ്പ് കൈപ്പറ്റിയത്. നെജി ഷാനവാസിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നതായി കോണ്ഗ്രസ് പറയുന്നു.