റോഡ് വികസനത്തിലെ തർക്കം : ബിഎസ്എൻഎൽ അധികൃതരുമായി ചർച്ച നടത്തി
1495694
Thursday, January 16, 2025 4:30 AM IST
മൂവാറ്റുപുഴ: നഗരത്തിൽ റോഡ് വികസനത്തിലെ തർക്കങ്ങൾ പരിഹരിയ്ക്കാൻ ബിഎസ്എൻഎൽ ഉദ്യോഗസ്ഥരുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തി. ബിഎസ്എൻഎൽന്റെ കോപ്പർ കേബിളുകൾ റോഡിനടിയിൽ നിന്ന് മാറ്റുന്നതിന് ഇടപെടൽ നടത്താമെന്ന് മൂവാറ്റുപുഴ ടെലികോം ഡിവിഷൻ എൻജിനിയർ, ജെടിഒമാർ എന്നിവർ അറിയിച്ചു.
കോപ്പർ കേബിളുകൾ മാറ്റുവാൻ കെആർഎഫ്ബി 20 ലക്ഷം രൂപ ബിഎസ്എൻഎൽന് നൽകിയിരുന്നു. ഇതിനായി 54 ലക്ഷം ബിഎസ്എൻഎൽ മുന്പ് ആവശ്യപ്പെട്ടിരുന്നതിൽ ഇളവുവരുത്താൻ ഇടപെടും. ഇതിനായി പവർ ടെലികോം കോർഡിനേഷൻ കമ്മിറ്റി (പിടിസിസി)യുടെ അനുമതി ലഭിച്ചാലാണ് കേബിളുകൾ മാറ്റി കെഎസ്ഇബിക്ക് പുതിയ ലൈനിൽ വൈദ്യുതി വിതരണം നടത്താനാകൂ.
പ്രതിസന്ധി പരിഹരിക്കാൻ ബിഎസ്എൻഎൻഎൽ, കെഎസ്ഇബി, കെആർഎഫ്ബി, പൊതുമരാമത്ത് റോഡ് വിഭാഗം എന്നിവരുടെ യോഗം നാളെ രാവിലെ 10.30ന് വീണ്ടും ചേരുന്നതിന് തീരുമാനിച്ചു. എൽഡിഎഫ് നേതാക്കളുടെ ഇടപെടലിനേതുടർന്ന് കളക്ടർ പ്രശ്നത്തിൽ ഇടപെട്ടു. റോഡ് നിർമാണത്തിൽ ബന്ധപ്പെട്ട വിവിധ വിഭാഗം ഉദ്യോഗസ്ഥരുടെ സംയുക്ത യോഗം വിളിച്ച് ചേർക്കാൻ ആർഡിഒയ്ക്ക് നിർദേശം നൽകുമെന്ന് കളക്ടർ അറിയിച്ചു.
മൂവാറ്റുപുഴ പിഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയാണ് തർക്ക സ്ഥലങ്ങൾ. ഇവിടെ സ്ഥലം ഏറ്റെടുക്കലിനായി ഉടമകളുമായി സംസാരിക്കുമെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.