കോലഞ്ചേരി ടൗണിൽ കാറും ബൈക്കും കൂട്ടിയിടിച്ചു
1495258
Wednesday, January 15, 2025 4:26 AM IST
കോലഞ്ചേരി: കൊച്ചി-ധനുഷ്കോടി ദേശീയപാതയിലെ കോലഞ്ചേരി ടൗണിൽ കാറും ബൈക്കും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ ആറോടെയാണ് അപകടം നടന്നത്. അപകടത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരുൾപ്പടെ ഒൻപത് പേർക്ക് പരിക്കേറ്റു.കോലഞ്ചേരി മെഡിക്കൽ മിഷൻ ജംഗ്ഷന് സമീപമായുരുന്നു അപകടം നടന്നത്.
എറണാകുളത്തുനിന്ന് തൊടുപുഴയിലേക്ക് പോവുകയായിരുന്ന കാർ മറ്റൊരു കാറിൽ തട്ടി നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട കാർ എതിരേ വന്ന ബൈക്ക് ഇടിച്ച് തെറിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് സമീപത്തുള്ള വ്യാപാര സ്ഥാപനത്തിന്റെ ഷട്ടറിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിൽപ്പെട്ട ഫോർച്ച്യൂണർ കാർ തട്ടി മറ്റൊരു കാർ നിയന്ത്രണംവിട്ട് സമീപത്തുള്ള ടെലഫോൺ പോസ്റ്റിലേക്ക് ഇടിച്ച് കയറി. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരുമാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.
പരിക്കേറ്റ യാത്രക്കാരായ വടുതല തട്ടാഴം റോഡിൽ മാപ്പിളശേരിൽ സരിത(38), ഇവരുടെ ആറ് മാസം പ്രായമായ ആൺകുട്ടി, മക്കളായ ആമോസ്(11), ആൻ അലക്സ്(9), ടോം(7), ബന്ധുക്കളായ കണ്ണൂർ തളിപ്പറമ്പ് കല്ലിടുക്കാനാനിക്കൽ മരിയ തേരേസ്(25), വടുതല മാപ്പിളശേരിൽ അക്ഷര (24), ബൈക്ക് യാത്രക്കാരൻ കടമറ്റം കുടിലിൽ കെ.എസ്. അജിത്(24),
കാർ ഓടിച്ചിരുന്ന വയനാട് പള്ളിക്കുന്ന് പുലിയോടത്ത് ആകാശ് ബെന്നി(19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അജിത്തിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.