തൃക്കാക്കരയിൽ തെരുവുനായകൾക്ക് പ്രതിരോധ വാക്സിനേഷൻ തുടങ്ങി
1495676
Thursday, January 16, 2025 4:20 AM IST
കാക്കനാട്: തൃക്കാക്കര നഗരസഭാ പരിധിയിൽ തെരുവുനായകൾക്ക് പ്രതിരോധ കുത്തിവപ്പ് ആരംഭിച്ചു. ഇന്നലെ നഗരസഭാ അധ്യക്ഷ രാധാമണിപ്പിള്ളയുടെ സാന്നിധ്യത്തിൽ ചേർന്ന ആരോഗ്യ വിഭാഗത്തിന്റെ അടിയന്തിര യോഗത്തിലാണ് തെരുവുനായകൾക്ക് പേവിഷ പ്രതിരോധ കുത്തിവപ്പ് നൽകാൻ തീരുമാനമായത്.
പ്രാരംഭപ്രവർത്തനങ്ങൾക്കായി തനതു ഫണ്ടിൽ നിന്നും ഒരു ലക്ഷം രൂപ അനുവദിക്കാൻ തീരുമാനിച്ചതായി ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ഉണ്ണി കാക്കനാട് അറിയിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ പ്രതിരോധ വാക്സിനേഷൻ നൽകാനുള്ള വിദഗ്ധ സംഘം പ്രവർത്തനം തുടങ്ങി. വടക്കൻ പറവൂർ നഗരസഭയിൽ തെരുവുനായകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകി വന്ന സംഘമാണ് തൃക്കാക്കരയിലും സേവനം നൽകുന്നത്.
ഇന്നലെ രാത്രി ഏഴരയോടെ അൻപതോളം നായകൾക്കു വാക്സിനേഷൻ നൽകിയതായി നഗരസഭ ആരോഗ്യ വിഭാഗം അറിയിച്ചു. രാത്രിയിലും വാക്സിനേഷൻ നടപടികൾ തുടരും. നഗരസഭാ പരിധിക്കുള്ളിൽ തെരവുനായകൾ പെരുകിയതോടെ കാൽനടയാത്രക്കാരിൽ പലർക്കും കടിയേറ്റിരുന്നു.
രണ്ടു ദിവസം മുൻപ് പേയിളകിയ തെരുവുനായയുടെ ആക്രമണത്തിൽ എട്ടു പേർക്ക് കടിയേറ്റിരുന്നു.