തെരുവുനായ ആക്രമണം : എബിസി പദ്ധതി വിപുലീകരിക്കാൻ കോർപറേഷൻ
1495982
Friday, January 17, 2025 3:33 AM IST
കൊച്ചി: തെരുവുനായ് ആക്രമണം രൂക്ഷമായ പശ്ചാത്തലത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കോര്പറേഷന് ഒരുങ്ങു ന്നു. തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എബിസി) പദ്ധതി വിപുലീകരിക്കാനാണ് തീരുമാനം. ഇതോടനുബന്ധിച്ച് അടിസ്ഥാന സൗകര്യങ്ങളും സംവിധാനങ്ങളും ഒരുക്കുകയാണെന്ന് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യ ക്ഷൻ ടി.കെ. അഷ്റഫ് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
വന്ധ്യംകരിച്ച നായ്ക്കളില്‍ വളര്ത്താവുന്നവയെ ആവശ്യക്കാര്‍ക്ക് ദത്തെടുക്കുന്നതിനായി അഡോപ്ഷന്‍ വെബ്സൈറ്റ് ഒരുക്കുകയാണ്. ഇത് ഒരു സത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാവും. കൂടാതെ, എബിസി പദ്ധതിയിലേക്കായി രണ്ടു ഡോക്ടര്‍മാരെയും ഡോഗ് ക്യാച്ചര്മാരെയും ശസ്ത്രക്രിയാസഹായികളെയും ഉള്‍പ്പെടെ നിയമിക്കും. ഇതോടൊപ്പം നായ ടിത്തത്തിനായി പുതിയ വാഹനവും നിരത്തിലിറങ്ങും.
ബിപിസിഎല്‍ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി വിപുലീകരിക്കുന്നത്. ഗോവയിലെ മിഷന് റാബീസ് പദ്ധതിയില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയ അഞ്ച് ഡോഗ് ക്യാച്ചര്‍മാരുടെ സേവനം കൊച്ചിയില്‍ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും പുരോഗമിക്കുന്നുണ്ട്.
തെരുവുനായ ശല്യം കോര്‍പറേഷന്റെ വിവിധ ഡിവിഷനുകളില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്നതായി പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പറഞ്ഞു.
ഫോര്‍ട്ട്കൊച്ചിയില്‍ വിദേശികളുള്‍പ്പെടെ തെരുവുനായയുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. തെരുവുനായ്ക്കള്‍ക്കുള്ള ഷെല്‍ട്ടര്‍ ഹോം ഫലപ്രദമായി നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എബിസി പദ്ധതി ഫലപ്രദമല്ലെന്ന് മേയര്‍ എം. അനില്‍കുമാറും പറഞ്ഞു.
പദ്ധതിയുണ്ടായിട്ടും നായ്ക്കളുടെ ആക്രമണത്തിന് കുറവില്ലെന്നും അദ്ദേഹം പറഞ്ഞു. ഓരോ ഡിവിഷനുകളിലുമുള്ള തെരുവുനായ്ക്കളുടെ കണക്കെടുക്കണമെന്ന് ഹെന്റി ഓസ്റ്റിന്‍ ആവശ്യപ്പെട്ടു.