തീപിടുത്തം തുടർക്കഥ : ആക്രി സ്ഥാപനങ്ങളില്‍ പരിശോധനയില്ല
1495702
Thursday, January 16, 2025 4:40 AM IST
കൊച്ചി: ആക്രിക്കടകള്‍ക്ക് സുരക്ഷാചട്ടങ്ങളുണ്ടെങ്കിലും ജില്ലയില്‍ അവ പ്രാവര്‍ത്തികമാക്കാന്‍ വിവിധ വകുപ്പുകളുടെ കാര്യമായ പരിശോധനയില്ലാതായതോടെ അപകടങ്ങള്‍ നിത്യസംഭവമാകുന്നു.
ആക്രിവ്യാപര സ്ഥാപനം തുടങ്ങാന്‍ ഫയര്‍ഫോഴ്സ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ വിവിധ ലൈസന്‍സുകള്‍ ആവശ്യമാണ്. എന്നാൽ നിലവില്‍ നഗരത്തിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഗോഡൗണുകളില്‍ പലതിനും ലൈസന്‍സില്ല.
പലതും പ്രവർത്തിക്കുന്നതും നിയമവിധേയമായല്ല. ഇടുങ്ങിയ പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഇത്തരം ഗോഡൗണുകളില്‍ തീപിടിത്തം ഉണ്ടായാല്‍ അഗ്നിശമന സേനയ്ക്ക് എത്തിപ്പെടാനാകാത്തതും അപകടത്തിന്റെ വ്യാപ്തി വര്‍ധിക്കാൻ കാരണമാകുന്നുണ്ട്.
അതിനിടെ ആക്രി ഗോഡൗണുകളില്‍ തീപിടിത്തം ആവർത്തിക്കുന്ന സാഹചര്യത്തിൽ അഗ്നിരക്ഷാ സംവിധാനങ്ങളില്ലാത്ത സ്ഥാപനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഇതിന്റെ പകര്‍പ്പ് തദ്ദേശ സ്ഥാപങ്ങള്‍ക്ക് കൈമാറി. തദ്ദേശസ്ഥാപനങ്ങളാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടത്.
കഴിഞ്ഞയിടെ ചെമ്പുമുക്കിലെ ആക്രി ഗോഡൗണിലുണ്ടായ തീപിടുത്തത്തിന് പിന്നാലെയാണ് ഈ നീക്കം. തീപിടിത്തത്തിന് ശേഷം സംഭവസ്ഥലത്തെ അന്തരീക്ഷം മലിനമാവുകയും സാധാരണ നിലയിലേക്ക് എത്താന്‍ രണ്ട് ദിവസം എടുക്കുകയും ചെയ്തു.