വീട് കയറി ആക്രമണം: രണ്ടുപേർ പിടിയിൽ
1495975
Friday, January 17, 2025 3:22 AM IST
മുളന്തുരുത്തി: മുളന്തുരുത്തിയിൽ മൂന്നംഗ സംഘം വീട് കയറി ആക്രമിച്ച കേസിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കടവന്ത്ര സ്വദേശി എബി (36), ചോറ്റാനിക്കര നാഗപ്പാടിയിൽ താമസിക്കുന്ന ആലപ്പുഴ പുന്നപ്ര സ്വദേശി കണ്ണൻ (25) എന്നിവരെയാണ് മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം കാവുംമുകളിലുള്ള വർഗീസിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം മാരകായുധങ്ങളുമായി വീട്ടുകാരെ ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ വർഗീസിനും ഭാര്യയ്ക്കും മകൾക്കും മകനും മകന്റെ ഭാര്യക്കും പരിക്കേറ്റിരുന്നു. കേസിലെ പ്രധാന പ്രതിയായ ശരത് ആക്രമണത്തിനിടെ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.
ശരതും കൂട്ടാളികളുമുൾപ്പെട്ട കഞ്ചാവ് കച്ചവടക്കേസിൽ ഇവർക്കെതിരെ വർഗീസ് പോലീസിന് മൊഴി നൽകിയിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് മൂവർ സംഘം വർഗീസിനെ വീട് കയറി ആക്രമിച്ചതെന്നാണ് പോലീസ് പറഞ്ഞത്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.