തിരുവൈരാണിക്കുളം ഫെസ്റ്റ്: ഒരുക്കങ്ങൾ തുടങ്ങി
1495992
Friday, January 17, 2025 4:09 AM IST
കാലടി: തിരുവൈരാണിക്കുളം ഫെസ്റ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ഏപ്രിൽ 6 മുതൽ 12 വരെ തിരുവൈരാണിക്കുളം കൈലാസം വെൽനസ് പാർക്കിലാണ് ഫെസ്റ്റ് നടക്കുക. ഫെസ്റ്റിന്റെ ഭാഗമായുള്ള സമ്മാന കൂപ്പൺ വിതരണ ഉദ്ഘാടനം അൻവർ സാദത്ത് എംഎൽഎ നിർവഹിച്ചു.
ഫെസ്റ്റ് കൺവീനർ കെ.എ. പ്രസൂൺകുമാർ. ജോയിന്റ് കൺവീനർ സി.എച്ച്. റസാഖ്, വൈസ് ചെയർമാൻ ടോമി വെളുത്തേപ്പിള്ളി, തിരുവൈരാണിക്കുളം ക്ഷേത്ര ട്രസ്റ്റ് അംഗങ്ങളായ എൻ. ഷാജൻ, എം.എസ്. അശോകൻ, എ. മോഹൻകുമാർ, ബ്ലോക്ക് പഞ്ചായത്ത് മുൻഅംഗം പി.സി. സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. ഒന്നാം സമ്മാനം ഇലക്ട്രിക് സ്കൂട്ടർ ഉൾപ്പെടെ പത്തോളം സമ്മാനങ്ങൾ ആണ് നറുക്കെടുപ്പിലൂടെ നൽകുന്നത്.
നടതുറപ്പ് മഹോത്സവം നടക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്ന ഫെസ്റ്റ് സ്റ്റാളിൽ നിന്നും സമ്മാനക്കൂപ്പൺ ലഭിക്കും. അമ്യൂസ്മെന്റ് പാർക്ക്, വിവിധ കലാപരിപാടികൾ, വ്യാപാരമേള, ഭക്ഷ്യമേള, സാംസ്കാരിക സദസുകൾ, ലൈവ് കാരിക്കേച്ചർ, മാജിക് ഷോ തുടങ്ങിയവ ഫെസ്റ്റിന്റെ ഭാഗമായി ഉണ്ടാകും.
തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സമീപ പഞ്ചായത്തുകളായ ശ്രീമൂലനഗരം, കാഞ്ഞൂർ, വാഴക്കുളം എന്നിവയുടേയും വിവിധ സാംസ്കാരിക സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. തുടർച്ചയായി രണ്ടാം വർഷമാണ് ഫെസ്റ്റ് നടക്കുന്നത്.