നിയമ ലംഘനം: ഹോസ്റ്റലുകള്‍ക്ക് കടിഞ്ഞാണിടാന്‍ കോര്പറേഷന്
1495981
Friday, January 17, 2025 3:22 AM IST
കൊച്ചി: ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച് നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്ക് കൊച്ചി കോര്പറേഷന് കടിഞ്ഞാണിടാനൊരുങ്ങുന്നു. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലുകള്‍ക്കെതിരെ പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. ഇതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ചേര്‍ന്ന കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ മേയര്‍ എം. അനില്‍കുമാര്‍ അഡീ ഷണൽ സെക്രട്ടറിക്ക് നിര്‍ദേശം നല്കി.
1800 ചതുരശ്ര അടി മാത്രമുള്ള കെട്ടിടത്തില്‍ 78ഓളം കുട്ടികളെ താമസിപ്പിച്ച് നിയമവിരുദ്ധമായി ഹോസ്റ്റല്‍ പ്രവര്‍ത്തിക്കുന്നുവെന്ന് രവിപുരം സ്വദേശി അബുബേക്കര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഷയം ഇന്നലെ കൗണ്‍സില്‍ ചര്‍ച്ച ചെയ്തത്. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലില്‍ മലിനജല സംസ്കരണത്തിന് സംവിധാനമില്ലെന്നും മലിനജലം കാനയിലേക്ക് ഒഴുക്കിവിടുകയാണെന്നും കാട്ടി അബുബേക്കര്‍ ആദ്യം കോര്‍പറേഷനില്‍ പരാതി നല്‍കിയിരുന്നു.
നടപടി വൈകിയതോടെ പരാതിക്കാരന് ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി വിഷയം പരിഗണിക്കുന്നതിനിടെ കോര്പറേഷന് ഹോസ്റ്റലില്‍ പരിശോധന നടത്തി നിയമലംഘനമുള്ളതായി കണ്ടെത്തുകയും ലൈസന്‍സ് നല്കണമെങ്കില് ന്യൂനതകള്‍ പരിഹരിക്കണമെന്ന് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതിനിടെ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും വന്നു.
ഇരു കക്ഷികളുടേയും ഭാഗം കേട്ട് ഉചിതമായ തീരുമാനമെടുക്കാന്‍ കൗണ്‍സിലിനെ ചുമതലപ്പെടുത്തിയായിരുന്നു ഉത്തരവ്.
ഇതേ തുടര്‍ന്നാണ് വിഷയം ഇന്നലെ കൗണ്‍സിലില്‍ സജീവ ചര്‍ച്ചയായത്. കൗണ്‍സിലില്‍ ഭാഗം വിശദീകരിക്കുന്നതിനിടെ തങ്ങള്‍ക്ക് ലൈസന്‍സുണ്ട് എന്ന് ഹോസ്റ്റല്‍ ഉടമ വ്യക്തമാക്കി. പരാതിയില്‍ തീരുമാനം വരുന്നതിന് മുന്‍പ് സ്ഥാപനത്തിന് ലൈസന്‍സ് നല്‍കിയത് പരിശോധിക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
നഗരത്തിലെ ഹോസ്റ്റലുകളുടെ എണ്ണം സംബന്ധിച്ചും ഇതില്‍ എത്രയെണ്ണം നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത് എന്നത് സംബന്ധിച്ചും ആരോഗ്യ സമതിയുടെ പക്കല്‍ യാതൊരുവിധ കണക്കുമില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
ഭരണപക്ഷ കൗണ്‍സിലറായ ബെനഡിക്ട് ഫെര്‍ണാണ്ടസും ഇതിനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഒരു മാസത്തിനകം പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം നടത്തി സമഗ്രമായ റിപ്പോര്‍ട്ട് നല്‍കാമെന്ന് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് കൗണ്‍സിലില്‍ പറഞ്ഞെങ്കിലും ഭരണപക്ഷം ഉള്‍പ്പെടെ അത് മുഖവിലയ്ക്കെടുത്തില്ല.
ഒന്നര വര്‍ഷം മുന്‍പ് ഇതേ വിഷയത്തിലെടുത്ത തീരുമാനം നടപ്പാകാതെ പോയതാണ് ഇത്തരം പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് ഭരണപക്ഷ കൗണ്സിലര്ക്കൂടിയായ ആര്. രതീഷ് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് വിഷയത്തില്‍ സമഗ്ര അന്വേഷണത്തിന് മേയര്‍ ഉത്തരവിട്ടത്.