മൊബൈൽ മോഷണം; രണ്ട് ആസാം സ്വദേശികൾ പിടിയിൽ
1495705
Thursday, January 16, 2025 4:40 AM IST
കാക്കനാട്: ചിറ്റേത്തുകരയിലും പരിസരങ്ങളിലുമുള്ള ഹോസ്റ്റലുകൾ, കെട്ടിട നിർമാണ തൊഴിലാളികളുടെ വാസസ്ഥലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ട് ആസാം സ്വദേശികളെ ഇൻഫോപാർക്ക് പോലീസ് അറസ്റ്റുചെയ്തു.
ആസാം ബാമഗർബാർപ്പെറ്റ ബിലാഷിപറ റസൂൽമിയ (22) സൈനുദിൻ (25) എന്നിവരാണ് പിടിയിലായത്. ഇൻഫോപാർക്ക് പോലീസ് ഇൻസ്പെക്ടർ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. മോഷ്ടിച്ച ഫോണുകൾ വിൽക്കാൻ ശ്രമിക്കുന്നതിനിടയാണ് ഇവർ പിടിയിലായത്.
ചിറ്റേത്തുകര കെ.പി .കുര്യൻ റോഡിലുള്ള ഹോസ്റ്റൽ കെട്ടിടത്തിൽ താമസിച്ചുവരുന്ന നിർമാണ തൊഴിലാളികളുടെ ഫോണുകൾ മോഷണം പോയതു സംബന്ധിച്ച അന്വേഷണത്തിനിടയിലാണ് ആദ്യം റസൂൽമിയ പിടിയിലായത്. ആറു മൊബൈൽ ഫോണുകൾ ഇയാളുടെ പക്കൽനിന്ന് കണ്ടെത്തി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിൽ വിവിധ സ്ഥലങ്ങളിൽ നിന്ന് മോഷണം പോയ ഫോണുകൾ ആണിവയെന്ന് കണ്ടെത്തി.
ഇയാളുടെ സഹോദരൻ സൈനുദ്ദീനും ചേർന്നാണ് ഫോണുകൾ മോഷ്ടിച്ചത്. തുടർന്ന് സൈനുദ്ദീനെയും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികളുടെ വീടുകളിൽ നടത്തിയ പരിശോധനകളിൽ മറ്റ് മൂന്ന് മൊബൈൽ ഫോണുകൾ കൂടി ലഭിച്ചു. 20,000, 25,000 രൂപ വില വരുന്ന മൊബൈൽ ഫോണുകൾ നാട്ടിലെത്തിച്ച് 3,000 മുതൽ 5,000 രൂപ വരെ വിലയ്ക്കാണ് വിറ്റിരുന്നത്.
സബ് ഇൻസ്പെക്ടർമാരായ റഫീഖ്, പ്രദീപ്, സജികുമാർ ബദറുദ്ദീൻ,എഎസ്ഐ മാരായ ഷാഹി, സിപിഒമാരായ ജോൺ ഏബ്രഹാം, വിനു എന്നിവരുൾപ്പെട്ട അന്വേഷണ സംഘത്തിലുണ്ടായിരുന്നു.