ചികിത്സാ ഫണ്ട് തട്ടിപ്പ്: കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജിവച്ചു
1495703
Thursday, January 16, 2025 4:40 AM IST
ആലുവ: ഉളിയന്നൂരിൽ നിർധന കുട്ടികൾക്കായി ശേഖരിച്ച ചികിത്സ സഹായ ഫണ്ടിൽ നിന്ന് വൻതുക തട്ടിയെടുത്ത കേസിൽ ആരോപണവിധേയനായ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി രാജിവച്ചു. മാതാപിതാക്കളുടെ പരാതിയിൽ ഓഡിറ്റിംഗ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇന്നലെ ജില്ലാ നേതൃത്വത്തിന് രാജി നൽകിയത്.
വ്യക്തിപരമായ കാരണങ്ങളാൽ കളമശേരി ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനം രാജിവയ്ക്കുന്നതായാണ് വിശദീകരണം. ഡിസിസി ജനറൽ സെക്രട്ടറിയുടെ സഹോദരന്റെ 15ഉം 7ഉം വയസുള്ള മക്കളുടെ ചികിത്സാ സഹായ ഫണ്ടിലാണ് അയൽവാസി കൂടിയായ ബ്ലോക്ക് സെക്രട്ടറി 13 ലക്ഷത്തോളം രൂപ കൈക്കലാക്കിയത്.
കുട്ടികളുടെ പിതാവിന്റെ പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗം കണക്കുകൾ ചാർട്ടേഡ് അക്കൗണ്ടിനെ ഉപയോഗിച്ച് ഓഡിറ്റ് ചെയ്യിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് നേതാക്കൾ ഇടപെട്ട് രാജി വാങ്ങിയതെന്നാണ് സൂചന.
സഹകരണ ബാങ്കിൽ ജീവനക്കാരനായ ആരോപണവിധേയനാണ് കുട്ടികളുടെ പിതാവിനെ ബാങ്കിലേക്ക് വരുന്ന പണം എടുക്കുന്നതിനും മറ്റും സഹായിച്ചിരുന്നത്.
ഈ അടുപ്പം ഉപയോഗിച്ചാണ് 12.86 ലക്ഷം രൂപ ഫെഡറൽ ബാങ്കിലെയും എസ്ബിഐയിലേയും സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയത്. പുറത്തറിഞ്ഞതോടെ ഏഴ് ലക്ഷം രൂപ മടക്കി നൽകി.
ബാക്കി ലഭിക്കാതെ വന്നതോടെയാണ് കോൺഗ്രസ് നേതാക്കൾ നേതൃത്വം നൽകുന്ന ആക്ഷൻ കമ്മിറ്റിക്ക് പിതാവ് പരാതി നൽകിയത്.