പണമിടപാട് കുരുക്കിൽപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിക്കുന്നു
1495699
Thursday, January 16, 2025 4:40 AM IST
കൊച്ചി: ജില്ലയില്‍ പണമിടപാട് സ്ഥാപനങ്ങളുടെ കുരുക്കില്പ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി വനിതാ കമ്മീഷന്. വിവിധ കാരണങ്ങളാല്‍ ഒറ്റപ്പെട്ടുപോയ സ്ത്രീകളെ ഇടനിലക്കാരിലൂടെ സ്വാധീനിച്ചു വിദേശജോലിയും മറ്റും വാഗ്ദാനം ചെയ്ത് അവരുടെ പണം കവരുന്ന രീതിയാണുള്ളത്. ഇക്കാര്യത്തില്‍ സ്ത്രീകള്‍ കൂടുതല്‍ ജാഗ്രതയോടെ നീങ്ങണമെന്ന് കമ്മീഷന് അധ്യക്ഷ പി. സതീദേവി പറഞ്ഞു.
ജില്ലയിലെ തൊഴിലിടങ്ങളിലും മാനസിക, ശാരീരിക പീഡനങ്ങള്‍ വര്‍ധിക്കുന്നുണ്ട്. ഇരുന്നൂറോളം പേര് ജോലി ചെയ്യുന്ന ഒരു ഐടി സ്ഥാപനത്തില്‍ കടുത്ത മാനസിക സമ്മര്‍ദംമൂലം ഒരു ജീവനക്കാരി രാജിവച്ചു. എന്നാല്‍ രണ്ടു വര്‍ഷത്തെ കരാര്‍ ഉണ്ടെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടും സ്ഥാപനം അവരെ വീണ്ടും മാനസിക സമ്മര്‍ദത്തിലാക്കുകയാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ ഇന്റേണല്‍ സമിതികള്‍ വേണമെന്നു വ്യവസ്ഥയുണ്ട്. ഈ വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സ്ഥാപനത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്റേണല്‍ കമ്മിറ്റിയെ സംബന്ധിക്കുന്ന വിവരങ്ങള്‍ അതത് സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണം.
എന്നാല്‍ പല സ്ഥാപനങ്ങളിലും ഇത് ഫലപ്രദമല്ലെന്നാണ് കമ്മീഷന്റെ കണ്ടെത്തല്‍. കമ്മിറ്റിയില്‍ പുറമെനിന്നുള്ള ഒരു അംഗം കൂടി വേണമെന്ന വ്യവസ്ഥയും പലയിടങ്ങളിലും പാലിക്കുന്നില്ല. ഇക്കാര്യത്തില്‍ തൊഴിലുടമയ്ക്കും ജോലി ചെയ്യുന്നവര്‍ക്കും ബോധ്യം വരുന്നതരത്തിലുള്ള പ്രചാരണം കമ്മീഷന് ആരംഭിച്ചിട്ടുണ്ട്.
വീടുകളില്‍ ആശയവിനിമയം ഇല്ലാതാകുന്നതു കുടുംബബന്ധങ്ങളെ പ്രത്യേകിച്ചും കുട്ടികളുടെ ഭാവിയെ വളരെ ദോഷകരമായി ബാധിക്കുന്നുണ്ട്. കുട്ടികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാന്‍ രക്ഷിതാക്കള്‍ക്കോ അവരുടെ വിഷയങ്ങള്‍ മനസിലാക്കാന്‍ കുട്ടികള്‍ക്കോ കഴിയുന്നില്ലെന്നും എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ജില്ലാതല അദാലത്തിനുശേഷം കമ്മീഷന് അധ്യക്ഷ പറഞ്ഞു. കുട്ടികള്‍ക്കു ചെറുപ്രായത്തില്‍തന്നെ ലൈംഗിക വിദ്യാഭ്യാസം നല്‍കണം. ഇക്കാര്യത്തില്‍ അധ്യാപകര്‍ക്കും പങ്കുണ്ട്. വീടിനുള്ളില്‍ കുട്ടി സുരക്ഷിതമായിരിക്കുന്ന സ്ഥിതിയാണ് ഉണ്ടാകേണ്ടത്.
ജില്ലാ അദാലത്തില്‍ 117 പരാതികള്‍ ലഭിച്ചു. ഇതില്‍ 27 എണ്ണം തീര്‍പ്പാക്കി. 14 പരാതികളില്‍ പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നു പരാതികളില്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അഥോറിറ്റിയുടെ നിയമസഹായം തേടിയിട്ടുണ്ട്. ഒരു പരാതി പുതുതായി നേരിട്ട് ലഭിച്ചു.