രോഗീ പരിചരണം ദൈവികമഹത്വം: ഏലിയാസ് മാർ യൂലിയോസ്
1495695
Thursday, January 16, 2025 4:30 AM IST
കോതമംഗലം: രോഗീ പരിചരണം ദൈവിക മഹത്വമാണെന്ന് ഏലിയാസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത. പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി എന്റെ നാട് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടത്തിയ രോഗീബന്ധു സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏഴ് വർഷം മുൻപ് കോതമംഗലം മുനിസിപ്പാലിറ്റിയിൽ ഒരു വാഹനത്തിന്റെ സൗകര്യത്തിൽ രൂപം കൊടുത്ത പാലിയേറ്റീവ് കെയർ പ്രവർത്തനം ഇന്ന് താലൂക്കിലെ എട്ട് പഞ്ചായത്തുകളിൽകൂടി വ്യാപിപ്പിക്കുവാൻ കഴിഞ്ഞു. 1500 കിടപ്പ് രോഗികളടക്കം 3500 ൽ പരം രോഗികൾക്ക് എന്റെ നാട് പാലിയേറ്റീവ് കെയർ പരിചരണം നൽകിവരുന്നു. നിർധനരായ കിടപ്പ് രോഗികൾക്ക് പെൻഷൻ നൽകി വരുന്ന ഏക ജനകീയ കൂട്ടായ്മയാണ് എന്റെ നാട്.
ചടങ്ങിൽ പാലിയേറ്റീവ് രംഗത്തെ 33 വർഷത്തെ മികവുറ്റ പ്രവർത്തനത്തിന് വാരപ്പെട്ടി പഞ്ചായത്തംഗം എം.എസ്. ബെന്നി, എന്റെ നാട് പാലിയേറ്റീവ് രംഗത്ത് സേവനം ചെയ്യുന്ന നഴ്സുമാർ എന്നിവരെ ആദരിച്ചു.
നൂറുകണക്കിന് രോഗികളും രോഗീബന്ധുക്കളും പങ്കെടുത്തു. കോതമംഗലം ലയണ്‍സ് ക്ലബ് ഓഡിറ്റോറിയത്തിൽ നടത്തിയ സംഗമത്തിൽ എന്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷത വഹിച്ചു. കോതമംഗലം രൂപത വികാരി ജനറാൾ മോണ്‍. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
മാർ ബസേലിയോസ് മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ ഫാമിലി മെഡിസിൻ വിഭാഗം അനുമോൾ എൽദോ, ട്രസ്റ്റ് ഭാരവാഹികളായ ബിജി ഷിബു, സണ്ണി വർക്കി, എം.എം. അബ്ദുൾ റഹ്മാൻ, ബീന ഷാജി, സി.ജെ. എൽദോസ്, ജോർജ് തോമസ്, കെ.ഡി. വർഗീസ്, പി.പി. കുര്യാക്കോസ്, സണ്ണി കെ. തോമസ്, എം.കെ. സുകു, എൽസി എൽദോ, സി.കെ. സത്യൻ, കെ.പി. കുര്യാക്കോസ്, ജോർജ് അന്പാട്ട്, ജെയിംസ് കോറന്പേൽ, ജോഷി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.