3.71 കോടിയുടെ തട്ടിപ്പ്: കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ
1495978
Friday, January 17, 2025 3:22 AM IST
കോതമംഗലം: കുട്ടമ്പുഴ അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലെ 3.71 കോടി രൂപയുടെ തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട് സൊസൈറ്റി പ്രസിഡന്റും പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ കെ.എ. സിബിയെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സൊസൈറ്റിയിൽ നിക്ഷേപിച്ച തുക മടക്കി നൽകാത്തതിനെ തുടർന്ന് കീരംപാറ സ്വദേശി ജില്ലാ സഹകരണ രജിസ്ട്രാർക്ക് നൽകിയ പരാതിയെ തുടർന്നാണ് തട്ടിപ്പ് പുറത്തുവന്നത്.
തുടർന്ന് കുട്ടമ്പുഴ പോലീസ് കേസ് എടുത്ത് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ജാമ്യം ലഭിക്കുന്നതിനായി സിബി ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതി നിർദേശപ്രകാരം അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സിബിയെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. സൊസൈറ്റി സെക്രട്ടറി ഷൈല കരീം, കുട്ടമ്പുഴ കോൺഗ്രസ് മണ്ഡലം പ്രസിഡന്റും പഞ്ചായത്തംഗവുമായ ജോഷി പൊട്ടയ്ക്കൽ, യൂത്ത് കോൺഗ്രസ് നേതാവും സൊസൈറ്റി ജീവനക്കാരനുമായ ആഷ്ബിൻ ജോസ് ഉൾപ്പെടെ 13 പേർക്കെതിരെയാണ് പോലീസ് കേസ് എടുത്തത്.
ആരോപണങ്ങളും പ്രതിഷേധവും ഉയർന്നതിനെ തുടർന്ന് കോൺഗ്രസ് കോതമംഗലം ബ്ലോക്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് സിബിയെ കോൺഗ്രസ് പുറത്താക്കിയിരുന്നു. കൂടുതൽ പേർ ഉടൻ കസ്റ്റഡിയിലാകുമെന്നും വിദേശത്തുള്ള രണ്ട് പ്രതികൾക്കായി ലുക്ക് ഔട്ട് സർക്കുലർ ഉടൻ പുറപ്പെടുവിക്കുമെന്നുമാണ് ലഭിക്കുന്ന വിവരം.