മണൽ ലോറികളുമായി രണ്ടു പേരെ പിടികൂടി
1495710
Thursday, January 16, 2025 4:47 AM IST
ആലുവ: പെരിയാറിന്റെ തീരത്തെ കടവുകളിൽ ആലുവ പോലീസ് നടത്തിയ മിന്നൽ പരിശോധനയിൽ മണൽ കടത്താനായി കൊണ്ടുവന്ന രണ്ട് മിനിലോറി പിടിയിൽ. ഡ്രൈവർമാരായ കൊല്ലം കരുനാഗപ്പിള്ളി ആദിനാട് കെ.എസ് പുരം പുത്തൻവീട്ടിൽ തറയിൽ ഷഫീഖ് (32), കരുനാഗപ്പിള്ളി തഴവ കല്ലുംപുറത്ത് കിഴക്കേതിൽ ഷിഹാബുദീൻ (41) എന്നിവരെ ആലുവ പോലീസ് അറസ്റ്റ് ചെയ്തു.
തുരുത്ത് പള്ളിയുടെ സമീപമുള്ള കടവ്, കുഞ്ഞുണ്ണിക്കര കപ്പൂരിക്കടവ് എന്നിവിടങ്ങളിൽ നിന്നാണ് മണൽ നിറച്ച വാഹനങ്ങൾ പിടികൂടിയത്. കരുനാഗപ്പിള്ളി ഭാഗത്തേക്കാണ് മണൽ കൊണ്ടു പോകുന്നത്.
അടുത്തിടെ മണൽ കടത്തിയ എട്ട് വാഹനങ്ങളാണ് ആലുവ പോലീസ് പിടികൂടിയത്. ഡിവൈഎസ്പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിൽ എസ്ഐമാരായ കെ. നന്ദകുമാർ, ജി. ജിത്തു, സുജോ ജോർജ്, സീനിയർ സിപിഒ മാരായ പി.എ. നൗഫൽ, മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.