ആശുപത്രി കേന്ദ്രീകരിച്ച് മോഷണം; പ്രതി പിടിയിൽ
1495990
Friday, January 17, 2025 3:34 AM IST
പനങ്ങാട്: ആശുപത്രി കേന്ദ്രീകരിച്ച് ബാഗുകൾ മോഷണം നടത്തിയ ആളെ പോലീസ് പിടികൂടി. തുറവൂർ സ്വദേശി ഷാജി (50) യെയാണ് പനങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് ബാഗ് മോഷണം നടക്കുന്നതായി പനങ്ങാട് പൊലീസിന് പരാതി ലഭിച്ചിരുന്നു.
ഡോക്ടറെ കാണാൻ വെയ്റ്റിംഗ് ഏരിയയിൽ ഇരിക്കുന്നവരുടെയും വാഹനങ്ങളിൽ നിന്നും നിരവധി ബാഗുകൾ മോഷണം പോയതിനെ തുടർന്ന് പനങ്ങാട് പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ ആശുപത്രിയിൽ ഡോക്ടറെ കാണാനെത്തിയ കണ്ണൂർ സ്വദേശിയുടെ 11,500 രൂപയും സ്വർണമോതിരങ്ങളുമടങ്ങിയ ബാഗ് കാണാതാകുകയായിരുന്നു.
ഉടനെ തന്നെ നടത്തിയ അന്വേഷണത്തിൽ ആശുപത്രിക്ക് സമീപത്തുള്ള ലോഡ്ജിൽ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. എസ്ഐമാരായ മുനീർ, റഫീഖ്, സിപിഒ അരുൺ രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.