ലഹരിക്കെതിരെ സംയുക്ത മുന്നേറ്റം ആവശ്യം: കെസിബിസി മദ്യവിരുദ്ധ സമിതി
1488751
Saturday, December 21, 2024 3:52 AM IST
കോതമംഗലം: ലഹരിക്കെതിരെ സംയുക്ത മുന്നേറ്റം കാലഘട്ടത്തിന്റെ ആവശ്യമെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി കോതമംഗലം രൂപത കമ്മിറ്റി. കേരളത്തിൽ രാസലഹരിയും, ഹൈബ്രീഡ് കഞ്ചാവും, മദ്യവും ഉപയോഗിക്കുന്നവർ വരുത്തി വരുന്ന അപകടങ്ങളും കൊലപാതകങ്ങളും ആക്രമണങ്ങളും ഗുണ്ടാ സംഘങ്ങളുടെ വളർച്ചയും സമൂഹത്തെ ഭയപ്പെടുത്തുന്ന തരത്തിൽ വളർന്ന് യുവസമൂഹത്തെ സർവ്വനാശത്തിലേക്ക് നയിക്കുന്ന സാഹചര്യത്തിൽ ലഹരിക്കെതിരെ സർക്കാരും, എക്സൈസ്, പോലീസ്, ഫോറസ്റ്റ്, നർകോട്ടിക് വിഭാഗങ്ങളും പൊതുസമൂഹവും സംയുക്തമുന്നേറ്റം നടത്തി സ്ഥിതി മാറ്റിയെടുക്കണമെന്നും ക്രിസ്മസ്കാലം ലഹരിക്കെതിരെ സമൂഹം ജാഗ്രതയോടെ രംഗത്തിറങ്ങണമെന്നും കെസിബിസി മദ്യവിരുദ്ധസമിതി കോതമംഗലം രൂപതാ കമ്മിറ്റിയോഗം ആവശ്യപ്പെട്ടു.
കോതമംഗലം രൂപത ഡയറക്ടർ ഫാ. ജെയിംസ് ഐക്കരമറ്റം യോഗം ഉദ്ഘാടനം ചെയ്തു. രൂപതാ പ്രസിഡന്റ് ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജോണ് കണ്ണാടൻ, ജോയ്സ് മുക്കുടം, സെബാസ്റ്റ്യൻ കൊച്ചടിവാരം, ആന്റണി പുല്ലൻ, മോൻസി മങ്ങാട്ട്, ജോബി ജോസഫ്, സിജു കൊട്ടാരത്തിൽ, ബിജു വെട്ടിക്കുഴ, സുനിൽ സോമൻ, ജോസ് കൈതമന, ഷൈനി കച്ചിറ, ജോമോൾ സജി, ജോമോൻ ജേക്കബ്, ജോയി പടയാട്ടിൽ, ജിജോ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.