രക്ഷാപ്രവര്‍ത്തനത്തിനായി വരുന്നു... ഡിങ്കി ബോട്ടുകള്‍
1488225
Thursday, December 19, 2024 5:53 AM IST
കൊച്ചി: വെള്ളത്തിലെ അപകടങ്ങള്‍, വെള്ളപ്പൊക്കം പോലുള്ള ദുരന്തങ്ങള്‍ എന്നീ സന്ദര്‍ഭങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഡിങ്കി ബോട്ടുകള്‍ അവതരിപ്പിച്ച് സംസ്ഥാന ജലഗതാഗതവകുപ്പ്. 4.5 മീറ്റര്‍ നീളവും 2 മീറ്റര്‍ വീതിയുമുള്ള ചെറു ബോട്ടുകളാണ് ഡിങ്കി ബോട്ടുകള്‍.
ഇടുങ്ങിയ ജലാപതകളില് ഉള്‍പ്പടെ കടന്നുചെന്ന് രക്ഷാപ്രവര്‍ത്തനം നടത്താനാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തിലുള്ള അഞ്ച് ബോട്ടുകളാണ് ജലഗതാഗത വകുപ്പ് ഇറക്കുന്നത്. ഇതില്‍ ഒരെണ്ണം കൊച്ചിക്കായും നല്‍കും.
വലിയ ബോട്ടുകള്‍ക്ക് കടന്നുചെല്ലാന്‍ കഴിയാത്ത ചെറിയ കൈവഴികളിലടക്കം ഇവ ഉപയോഗിക്കാം. വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ പാലത്തിനടിയിലൂടെ വള്ളങ്ങള്‍ക്കും ബോട്ടുകള്‍ക്കും പോകാന്‍ പറ്റാത്ത സാഹചര്യം 2018ലെ പ്രളയഘട്ടത്തില്‍ നേരിട്ടിരുന്നു. ഡിങ്കി ബോട്ടുകളാകുമ്പോള് ഈ പ്രശ്നമുണ്ടാകില്ല. എത്ര ചെറിയ കനാലുകളാണെങ്കിലും സുരക്ഷിതമായി എത്താന്‍ സാധിക്കും.
അരൂര്‍ ആസ്ഥാനമായ പ്രാഗ് മറൈന്‍ പ്രൈവറ്റ് ലിമിറ്റഡാണ് ബോട്ട് നിര്‍മിച്ചത്. ഒരുബോട്ടിന് അറുലക്ഷം രൂപയാണ് നിര്‍മാണ ചെലവ്. 10 പേര്‍ക്ക് യാത്ര ചെയ്യാം. ആറ് നോട്ടിക്കല്‍ മൈലാണ് വേഗത. ജനവാസം കുറഞ്ഞ ഉള്‍നാടന്‍ ജലപാതകളില്‍ യാത്രാസൗകര്യം ഒരുക്കുന്നതിനും ഇടത്തോടുകളിലൂടെയുള്ള വിനോദസഞ്ചാരത്തിനും ഡിങ്കി ബോട്ടുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ബോട്ട് അപകടങ്ങളുണ്ടായാല്‍ വേഗത്തിലെത്തി ഇവരെ രക്ഷിക്കാനും. സര്‍വീസിനിടയില്‍ ബോട്ട് കേടായാല്‍ യാത്രക്കാരെ സുരക്ഷിതമായി മാറ്റാനും ഇവ ഉപയോഗിക്കാം.
പാലങ്ങളില്‍നിന്നും സഞ്ചരിക്കുന്ന ബോട്ടുകളില്‍നിന്നും ആളുകള്‍ കായലിലേക്ക് ചാടുന്ന സന്ദര്‍ഭങ്ങളില്‍ അടിയന്തരമായി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനും ഡിറ്റി ബോട്ടുകള്‍ സഹായമാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. ജീവന് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ടൂറിസത്തിനും ഇവ ഉപയോഗിക്കാന്‍ സാധിക്കും.