ദൈവം രക്ഷിച്ചു; അല്ലെങ്കിൽ ഞാനും കുട്ടികളും കെട്ടിടത്തിനടിയിലായേനെ!
1488498
Friday, December 20, 2024 4:42 AM IST
ഉദയംപേരൂർ: ദൈവം രക്ഷിച്ചു, അല്ലെങ്കിൽ ഞാനും കുട്ടികളും തകർനന്നുവീണ കെട്ടിടത്തിനടിയിലായേനെയെന്ന് കണ്ടനാട് ഗവ. ജെബി സ്കൂളിലെ കെട്ടിടം തകർന്നതിനിടയിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട അങ്കണവാടി ഹെൽപ്പർ ലിസി സേവ്യർ.
ഇന്നലെ രാവിലെ 9.20 ഓടെ സ്കൂളിലെത്തിയ ലിസി ക്ലാസ് മുറി തുറന്ന് വൃത്തിയാക്കിക്കൊണ്ടിരിക്കെ മേൽക്കൂരയിൽ ഞെരിയുന്ന ശബ്ദം കേട്ടിരുന്നു. അതേസമയം തന്നെ സ്കൂളിലെ രണ്ട് അധ്യാപകരും അവിടെയെത്തി എന്തോ ശബ്ദം കേൾക്കുന്നുണ്ടെന്ന് ലിസിയോട് പറഞ്ഞു. തുടർന്ന് വരാന്ത വൃത്തിയാക്കുമ്പോഴാണ് കെട്ടിടത്തിന്റെ മേൽക്കൂര വലിയ ശബ്ദത്തോടെ താഴേയ്ക്ക് വീണത്.
ഒച്ച കേട്ട് ഓടിമാറിയ ലിസി സ്കൂൾ മുറ്റത്ത് തന്നെ കാലിടറി വീണു. കുറച്ചു നേരത്തേയ്ക്ക് ശബ്ദമൊന്നും തൊണ്ടയിൽ നിന്ന് പുറത്തേയ്ക്ക് വരുന്നുണ്ടായിരുന്നില്ല. അപകടത്തിൽ നിന്ന് കഷ്ടിച്ചുരക്ഷപ്പെട്ട ആശ്വാസത്തിലായിരുന്നു ലിസി.
കാലപ്പഴക്കമുള്ള കെട്ടിടത്തിൽ മഴക്കാലത്ത് ചോർച്ച പതിവാണ്. ബക്കറ്റ് വച്ച് മഴവെള്ളം പിടിച്ചാണ് പുറത്ത് കളഞ്ഞിരുന്നത്. എന്നിരുന്നാലും ഈ പ്രദേശത്തെ ഗ്രാമസഭകൾ നടന്നു കൊണ്ടിരുന്നതും പോളിംഗ് ബൂത്ത് പ്രവർത്തിച്ചിരുന്നതും ഈ കെട്ടിടത്തിലാണ്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ച് ബന്ധപ്പെട്ടവരെയെല്ലാം വിവരമറിയിച്ചിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഇടയത്ത്മുകൾ ചക്കനാട്ട് വീട്ടിൽ ലിസി സേവ്യർ 2016 മുതൽ അങ്കണവാടിയിൽ ഹെൽപ്പറായി സേവനം ചെയ്യുന്നുണ്ട്.