നക്ഷത്രതടാകം കാര്‍ണിവല്‍: ഒരുക്കങ്ങള്‍ വിലയിരുത്തി
1488739
Saturday, December 21, 2024 3:52 AM IST
കാലടി: മലയാറ്റൂര്‍ നക്ഷത്രത്തടാകം മെഗാകാര്ണിവലിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ റോജി എം. ജോണ്‍ എംഎല്‍എയുടെ നേത്യത്വത്തില്‍ ജനപ്രതിനിധികളും വിവിധ സര്‍ക്കാര്‍ വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വിലയിരുത്തി.
കാര്‍ണിവലില്‍ പങ്കെടുക്കാനെത്തുന്ന പതിനായിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പ് വരുത്തി സുഗമമായി കാര്‍ണിവല്‍ ആസ്വദിക്കാനുള്ള എല്ലാം ക്രമീകരണങ്ങളും സംഘാടക സമിതിയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായും ചേര്‍ന്ന് ഒരുക്കുകയാണ്.
10-ാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന കാര്‍ണിവലിന്റെ ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ കൂടുതല്‍ ഗംഭീരമാക്കാനാണ് സംഘാടക സമിതി ആലോചിക്കുന്നത്. പ്രശസ്ത കലാകാരന് ഡാവിഞ്ചി സുരേഷ് തയാറാക്കുന്ന പ്രത്യേക കലാസ്യഷ്ടിയും പ്രശസ്ത കലാകാരന് കെ.എസ് പ്രസാദും സംഘവും അവതരിപ്പിക്കുന്ന ഗിന്നസ് മെഗാഷോയും ഫ്ളോട്ടിംഗ് പാപ്പാഞ്ഞിയും ഒക്കെ ഈ വര്‍ഷത്തെ ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടും.
10-ാം വാര്‍ഷികത്തില്‍ പ്രത്യേക ലോഗോയും പറത്തിറക്കിയിട്ടുണ്ട്. റോജി എം. ജോണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ തങ്കച്ചന്, പഞ്ചായത്ത് പ്രസിഡന്റ് ജോയ് അവോക്കാരന്‍, പഞ്ചായത്തംഗങ്ങളായ ബിന്‍സി ജോയ്, വിജി റെജി, സതി ഷാജി, മിനി സേവ്യര്‍, ഷില്‍ബി ആന്റണി തുടങ്ങിയവരും വിവിധ സർക്കാർ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു.