മാധ്യമപ്രവര്‍ത്തകനു മർദനം; കൗൺസിലർക്കെതിരേ കേസ്
1488231
Thursday, December 19, 2024 5:53 AM IST
കാക്കനാട്: നഗരസഭാ കൗണ്‍സിലറുടെ ആക്രമണത്തില്‍ മാധ്യമപ്രവര്ത്തകന് പരിക്ക്. കാക്കനാട്ടെ മാധ്യമപ്രവര്‍ത്തകനായ ആര്. ശിവശങ്കരപ്പിള്ളയാണ് ക്രൂരമായ മർദനത്തിന് ഇരയായത്. കഴുത്തിലും കൈകാലുകളിലും സാരമായി പരിക്കേറ്റ ശിവശങ്കരപ്പിള്ളയെ തൃക്കാക്കര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തൃക്കാക്കര നഗരസഭാ കൗണ്‍സിലര്‍ എം.ജെ ഡിക്സനെതിരേ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു ആക്രമണം.
സിവിൽലൈൻ ജുമാ മസ്ജിദിനു സമീപം ഇടറോഡില്‍ മറ്റൊരു മാധ്യമപ്രവർത്തകനുമായി സംസാരിച്ച് നില്‍ക്കുകയായിരുന്ന ശിവശങ്കരപ്പിള്ളയെ വാഹനം ഉപയോഗിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഓടി മാറി. തുടര്‍ന്ന് ഡിക്സൻ വാഹനത്തില്‍ നിന്നിറങ്ങി അസഭ്യം ചൊരിയുകയും മര്‍ദിക്കുകയുമായിരുന്നു. മര്‍ദനം തടയാന്‍ ശ്രമിച്ച ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകനെതിരേ വധഭീഷണി മുഴക്കുകയും നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ വാഹനമെടുത്ത് രക്ഷപ്പെടുകയുമായിരുന്നു.
നഗരസഭാ വക കെട്ടിടത്തില്‍ ഡിക്സണ്‍ നടത്തുന്ന കുടുംബശ്രീ ഹോട്ടലിനെക്കുറിച്ച് ഒരു പൊതുപ്രവര്‍ത്തകയുമായി സംസാരിച്ചത് ചോദ്യം ചെയ്തായിരുന്നു മർദനമെന്ന് മൊഴിയെടുപ്പിന് എത്തിയ തൃക്കാക്കര പോലീസിനോട് ശിവശങ്കരപ്പിള്ള പറഞ്ഞു.