കിഴക്കേക്കര ബൈപ്പാസിന് ഭരണാനുമതി നൽകണം
1487975
Wednesday, December 18, 2024 4:16 AM IST
മൂവാറ്റുപുഴ: കിഴക്കേക്കര ബൈപ്പാസിന് ഭരണാനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലെത്തിയ മന്ത്രിക്ക് മൂവാറ്റുപുഴ - തേനി റോഡും മൂവാറ്റുപുഴ - പുനലൂർ ബന്ധിപ്പിച്ചുള്ള കിഴക്കേക്കര - ബൈപ്പാസ് റോഡ് നിർമിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുൻ എംഎൽഎമാരായ ബാബു പോൾ, ഗോപി കോട്ടമുറിക്കൽ, മുൻ നഗരസഭാധ്യക്ഷൻ പി.എം. ഇസ്മയിൽ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകിയത്.
മൂവാറ്റുപുഴ - തേനി സംസ്ഥാന പാതയും പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയും തമ്മിൽ ബന്ധിപ്പിച്ച് ബൈപ്പാസ് റോഡ് നിർമിക്കുന്നതിനായി 2010-11 സാന്പത്തിക വർഷത്തിലെ സംസ്ഥാന ബജറ്റിൽ ടോക്കണ്‍ പ്രൊവിഷനായി ഫണ്ട് വകയിരുത്തുകയും അഞ്ച് കോടിയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയാറാക്കി പൊതുമരാമത്ത് ചീഫ് എൻജിനീയർ ഭരണാനുമതിക്കായി സർക്കാരിൽ കത്ത് നൽകിയിരുന്നു. ഇതോടൊപ്പം സമർപ്പിച്ചിരുന്ന അലൈൻമെന്റിനെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ തുടർ നടപടി സ്വീകരിക്കുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് മറ്റൊരു അലൈൻമെന്റ് തയാറാക്കി സർക്കാരിൽ നൽകി 2019ൽ അംഗീകാരം ലഭിച്ചുവെങ്കിലും നാളിതുവരെ ഈ ബൈപ്പാസ് നിർമാണത്തിന് സർക്കാർ ഭരണാനുമതി നൽകിയിട്ടില്ല.
അതുകൊണ്ട് മൂവാറ്റുപുഴ നഗരത്തിലെ വളരെ പ്രധാനപ്പെട്ട മൂവാറ്റുപുഴ - തേനി റോഡും പുനലൂർ - മൂവാറ്റുപുഴ റോഡും തമ്മിൽ ബന്ധിപ്പിക്കുന്ന കിഴക്കേക്കര ബൈപ്പാസ് റോഡിന് ഭരണാനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് നിവേദനം നൽകിയത്.