അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം: രണ്ടു പേര് പിടിയില്‍
1488234
Thursday, December 19, 2024 5:53 AM IST
കൊച്ചി: മട്ടാഞ്ചേരി സുജാത റോഡിൽ അടച്ചിട്ടിരുന്ന വീട്ടില്‍ മോഷണം നടത്തിയ രണ്ടു പേര് പിടിയില്‍. മട്ടാഞ്ചേരി സ്വദേശികളായ നബീല്‍ (35) മജീദ് സിറാജ് (34) എന്നിവരെയാണ് മട്ടാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.
എയര്‍ കണ്ടീഷനും ഫാനുകളും ബാത്ത്റൂം പൈപ്പ് ഫിറ്റിംഗ്സുകളുമാണ് പ്രതികള്‍ മോഷ്ടിച്ചത്. ആറുമാസം മുമ്പാണ് വീട്ടില്‍ മോഷണം നടന്നത്. ഓഗസ്റ്റിലാണ് മോഷണം നടന്നതായി വീട്ടുടമ അറിയുന്നത്. തുടര്‍ന്ന് നല്കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. മോഷണം നടന്നതിനുശേഷം വീട്ടില്‍ സിസിടിവി ഘടിപ്പിച്ചു. ഇതില്‍ വീണ്ടും മോഷണശ്രമം നടന്നതിന്റെ ദൃശ്യങ്ങള്‍ ലഭിക്കുകയും ഇതനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ പിടിയിലാവുകയുമായിരുന്നു.
പ്രതികളുടെ കുറ്റസമ്മത മൊഴിയില്‍ നിന്നും തൊണ്ടിമുതലുകള്‍ പോലീസ് കണ്ടെടുത്തു. പിടിയിലായ നബീലിനെ മറ്റൊരു മോഷണക്കേസില്‍ കഴിഞ്ഞ വര്‍ഷം മട്ടാഞ്ചേരി പോലിസ് പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നതാണ്. പിന്നീട് ജാമ്യത്തിലിറങ്ങിയശേഷം വീണ്ടും മോഷണം നടത്തുകയായിരുന്നു. മട്ടാഞ്ചേരി പോലീസ് ഇന്‍സ്പെക്ടര്‍ കെ.എ.ഷിബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.