പാറമട, ക്രഷർ മാലിന്യമൊഴുക്കിയ മുളവൂർ തോട് പാൽനിറമായി
1488733
Saturday, December 21, 2024 3:20 AM IST
മൂവാറ്റുപുഴ: നൂറുകണക്കിനാളുകളുുടെ ആശ്രയമായ മുളവൂർ തോട്ടിലേക്ക് വീണ്ടും പാറമട, ക്രഷർ മാലിനജലം ഒഴുക്കിയതോടെ വെള്ളത്തിന് പാൽ കളർ. അറവു മാലിന്യമടക്കമുള്ള മാലിന്യങ്ങൾ ഇടുന്നതിന് പിന്നാലെയാണ് പാറമട ക്രഷറിൽ നിന്നുള്ള മലിനജലം കൂടി ഒഴുക്കിയതോടെ ഒരു പ്രദേശത്തിന്റെ ശുദ്ധജല സ്രോതസായ തോട് മാലിന്യവാഹിനിയായി മാറി.
നാട്ടുകാരുടെ പ്രതിക്ഷേധത്തെ തുടർന്ന് കഴിഞ്ഞ കുറേ നാളുകളായി മാലിന്യമൊഴുക്കൽ നിറുത്തിയിരുന്നു.
എന്നാൽ ഇന്നലെ രാവിലെയാണ് തോട്ടിൽ കുളിക്കാനെത്തിയവർ വെള്ളത്തിന്റെ നിറം മാറ്റം ശ്രദ്ധയിൽപെട്ടത്.
പാറമണൽ കഴുകിയ വെള്ളം രാത്രി തോട്ടിലേക്ക് ഒഴുക്കിവിടുകയായിരുന്നു. പായിപ്ര പഞ്ചായത്തിലെ പ്രധാന ശുദ്ധജല സ്രോതസുകളിലൊന്നായ മുളവൂർ തോട് മാലിന്യനിക്ഷേപവും, അനധികൃത കൈയേറ്റവും മൂലവും നാശത്തിന്റെ വക്കിലാണ്. പായിപ്ര, നെല്ലിക്കുഴി പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന ക്രഷറുകളിലും, പാറമടകളിൽ നിന്നും മെറ്റലും, മണലും കഴുകുന്ന വെള്ളം തോടിലേയ്ക്ക് തുറന്ന് വിട്ടതോടെ തോട് മലിനമായി. ഇതോടെ തോടിലെ വെള്ളത്തിന് പാൽ കളറായി മാറി.
തോട്ടിൽ കുളിക്കുന്നവർക്ക് ചൊറിച്ചിലും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെടുകയും ചെയ്തു. പായിപ്രയിൽ നിന്നും ഉത്ഭവിക്കുന്ന കൽചിറ വഴിയാണ് മലിന ജലം തോടിലേയ്ക്ക് ഒഴുകിയെത്തുന്നത്.
രാത്രികാലങ്ങളിലാണ് മലിന ജലം ഒഴുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ തോടിലെ വെള്ളത്തിന് നിറംമാറ്റം സംഭവിച്ച് തുടങ്ങിയതോടെയാണ് നാട്ടുകാർ മലിനജലം ഒഴുക്കുന്നത് കണ്ടെത്തിയത്.
ഇതിനു പുറമെ വടമുക്ക് പാലത്തിൽ നിന്നും തോടിലേയ്ക്ക് അറവു മാലിന്യങ്ങളും കോഴിക്കടകളിൽ നിന്നുമുള്ള വേസ്റ്റും, മീൻ കടകളിൽ നിന്നുള്ള വേസ്റ്റും നിക്ഷേപിക്കൽ പതിവാണ്. രാത്രിയാകുന്നതോടെ വടമുക്ക് പാലം വിജനമാകുന്നതോടെയാണ് ദൂരെ ദിക്കുകളിൽ നിന്നുപോലും വാഹനത്തിൽ മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്.
അനേകായിരങ്ങൾ കുളിക്കുന്നതിനും കൃഷിക്കു ഉപയോഗിക്കുന്ന മുളവൂർ തോട് കടുത്ത വേനലിലും ജലസമൃദ്ധമാണ്. വേനൽ കനക്കുന്നതോടെ തോട് വറ്റി വരളുമെങ്കിലും, പെരിയാർ വാലി കനാലുകളിൽ വെള്ളമെത്തുന്നതോടെ തോട് ജലസമൃദ്ധമാകുകയും ചെയ്യും.
നിരവധി കുടിവെള്ള പദ്ധതികളും തോടിനെ ആശ്രയിച്ച് പ്രവർത്തിക്കുന്നുണ്ട്. വേനൽ ആരംഭിച്ചതോടെ പ്രദേശവാസികൾ കുളിക്കുന്നതിനും, അലക്കുന്നതിനും, മൃഗങ്ങളെ കുളിപ്പിക്കുന്നതിനും, കൃഷിയാവശ്യത്തിനും മുളവൂർ തോടിനെയാണ് ആശ്രയിക്കുന്നത്.
അശമന്നൂർ പഞ്ചായത്തിലെ മേതലയിൽ നിന്നും ഉത്ഭവിച്ച് നെല്ലിക്കുഴി പായിപ്ര പഞ്ചായത്തുകളിലൂടെ കടന്ന് മൂവാറ്റുപുഴയാറിൽ അവസാനിക്കുന്നതാണ് മുളവൂർ തോട്.