കളമശേരിയിൽ മഞ്ഞപ്പിത്തം; ഒരാൾ ഗുരുതരാവസ്ഥയിൽ
1488242
Thursday, December 19, 2024 5:53 AM IST
കളമശേരി: കളമശേരി നഗരസഭയിലെ പെരിങ്ങഴ, പൈപ്പ് ലൈൻ, എച്ച്എംടി എസ്റ്റേറ്റ്, കുറുവ വാർഡുകൾ മഞ്ഞപ്പിത്ത ഭീഷണിയിൽ. 40 ഓളം പേർക്കാണ് രോഗം ഉണ്ടായിട്ടുള്ളത്. നാല് വാർഡുകളിലുള്ളവർ രോഗബാധിതരാണ്. ഒരു മാസത്തോളമായി വാർഡുകളിൽ മഞ്ഞപ്പിത്തരോഗമുണ്ട്. രഹസ്യമായി വച്ചതാണ് പടരാൻ ഇടയായത്.
നിലവിൽ 25ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. പെരിങ്ങഴ വാർഡിലെ 37കാരന്റെ നില ഗുരുതരമായി തുടരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസ് ചെയ്യുകയാണ്. മറ്റോരു രോഗി ഐസിയുവിലാണുള്ളത്. ചികിത്സയിലുള്ളവരിൽ ഏതാനും പേർ ആശുപത്രി വിട്ടിട്ടുണ്ട്. മെഡിക്കൽ കോളജിലും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലുമാണ് രോഗികൾ ചികിത്സയിലുള്ളത്.
നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി മഞ്ഞപ്പിത്ത രോഗമുള്ള വീടുകളിൽ ക്ലോറിനേഷൻ നടത്തി. കിണറുകളിലെ വെള്ളത്തിന്റെ സാമ്പിൽ ശേഖരിച്ച് ലാബിൽ ടെസ്റ്റിന് അയച്ചിട്ടുണ്ട്.
കിണറിന് പുറമേ വാട്ടർ അഥോറിറ്റിയുടെ പൈപ്പ് വെള്ളം ഉപയോഗിക്കുന്നവർക്കും മഞ്ഞപ്പിത്തം പിടിപെട്ടിട്ടുണ്ട്. ഏത് വിധേനയാണ് രോഗമുണ്ടായതെന്ന് അറിവായിട്ടില്ല. ഹോട്ടൽ ഭക്ഷണവും സൽക്കാര ഭക്ഷണവും കഴിച്ചവർക്കാണ് രോഗം ഉണ്ടായിട്ടുള്ളതെന്ന നിഗമനത്തിലാണ് നാട്ടുകാർ.