കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റർ: ഉദ്ഘാടനം ഫെബ്രുവരിയില്‍
1488489
Friday, December 20, 2024 4:42 AM IST
കൊച്ചി: കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ കൊച്ചിന് കാന്‍സര്‍ റിസര്‍ച്ച് സെന്റിന്റെയും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെയും നിര്‍മാണം അന്തിമ ഘട്ടത്തിലെത്തി. കാന്‍സര്‍ സെന്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി ജനുവരി 30നും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്ക് ഫെബ്രുവരി അവസാനവും സര്‍ക്കാരിനു കൈമാറും. കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനം ഫെബ്രുവരി ആദ്യവാരവും സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനം മേയ് ആദ്യവാരവും നടക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിലും കാന്‍സര്‍ സെന്ററിലും സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ഗവേഷണത്തിനു കൂടി പ്രാധാന്യം നല്കുന്ന നിലയിലാണ് കൊച്ചി കാന്‍സര്‍ സെന്റര്‍ പ്രവര്‍ത്തന സജ്ജമാകുന്നത്. 6.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ 360 കിടക്കകള്‍ക്കുള്ള സൗകര്യമുണ്ടാകും. 12 ഓപ്പറേഷന് തിയറ്ററുകളുണ്ട്. ഇതില്‍ ഒരെണ്ണം ഭാവിയില്‍ റോബോട്ടിക് ശസ്ത്രക്രിയയുടെ സാധ്യത ഉറപ്പാക്കുന്നു. കാന്‍സര്‍ സെന്ററിന്റെ നിര്‍മാണ ചെലവ് 384.34 കോടി രൂപയാണ്.
സൂപ്പര്‍ സ്പെഷാലിറ്റി ബ്ലോക്കിന്റെ മൂന്നു നിലകള്‍ ജനുവരിയില്‍ തന്നെ പൂര്‍ത്തിയാകും. ബ്ലോക്കിന്റെ മുഴുവന്‍ പ്രവർത്തനങ്ങളും ഏപ്രില്‍ അവസാനം പൂര്‍ത്തിയാകും. നിയോനറ്റോളജി, പീഡിയാട്രിക് സര്‍ജറി, ന്യൂറോ സര്‍ജറി, യൂറോളജി, ട്രാന്സ്ഫ്യൂഷന് മെഡിസിന്, ഹൃദയ ശസ്ത്രക്രിയാ വിഭാഗം എന്നിവയുണ്ടാകും. 286.66 കോടി രൂപയാണു നിര്‍മാണ ചെലവ്.