സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
1488487
Friday, December 20, 2024 4:42 AM IST
ഉദയംപേരൂർ: സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. സ്കൂളിൽ കുട്ടികൾ എത്തുന്നതിന് മുൻപായതിനാൽ വൻ അപകടം ഒഴിവായി. കണ്ടനാട് ഗവ. ജെ.ബി. സ്കൂളിന്റെ നൂറ് വർഷത്തിലധികം പഴക്കമുള്ള കെട്ടിടത്തിന്റെ മേൽക്കൂരയാണ് ഇന്നലെ രാവിലെ 9.25 ഓടെ തകർന്നുവീണത്. കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അങ്കണവാടിയിലെയും പ്രീ സ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തുന്നതിന് മുൻപായതിനാലാണ് ദുരന്തം വഴിമാറിയത്.
അങ്കണവാടിയിലെ ഹെൽപ്പറായ ലിസി സേവ്യർ സംഭവ സമയത്ത് കെട്ടിടത്തിലുണ്ടായിരുന്നെങ്കിലും മേൽക്കൂര ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടതിനെ തുടർന്ന് ഓടി മാറിയതിനാലാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഓടുമേഞ്ഞ കെട്ടിടത്തിന്റെ മേൽക്കൂര മുഴുവനായും തകർന്നു വീണ നിലയിലാണ്. തകർന്ന് വീണ കെട്ടിടത്തിലെ അങ്കണവാടിയിലും പ്രീ സ്കൂളിലുമായി ആറു വീതം കുട്ടികളാണുള്ളത്.
ഈ കെട്ടിടത്തിന്റെ സമീപത്തുള്ള പുതിയ കെട്ടിടത്തിലാണ് സ്കൂൾ എൽപി വിഭാഗം പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ കാലപ്പഴക്കം കാരണം എം. സ്വരാജ് എംഎൽഎയായിരുന്ന സമയത്ത് പുതിയ കെട്ടിടം പണിത് എൽപി വിഭാഗം മാറ്റിയെങ്കിലും അങ്കണവാടിയും പ്രീ സ്കൂളും പഴയ കെട്ടിടത്തിൽ തുടരുകയായിരുന്നു. എൽപി സ്കൂളിലെ കുട്ടികൾ ഉച്ചസമയത്ത് ഭക്ഷണം കഴിക്കാനെത്തിയിരുന്നതും തകർന്നുവീണ കെട്ടിടത്തിലാണ്.
കെട്ടിടം തകർന്നത് ഉച്ചസമയത്താകാതിരുന്നതും ഭാഗ്യമായി. ഇന്ന് സ്കൂളിലെ ക്രിസ്മസ് ആഘോഷവും ഇവിടെ നടത്താൻ തീരുമാനിച്ചിരുന്നതാണ്. കെട്ടിടം തകർന്ന വിവരമറിഞ്ഞ് കെ. ബാബു എംഎൽഎയും വാർഡ് കൗൺസിലർമാരും നാട്ടുകാരും സ്കൂളിലെത്തിയിരുന്നു.