കരുമാലൂർ പഞ്ചായത്ത് : ഭരണം ആർക്കെന്ന് ഇന്നറിയാം
1488482
Friday, December 20, 2024 4:42 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിനോ യുഡിഎഫിനോ എന്ന് ഇന്നറിയാം.
നിലവിലെ പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നവർ രാജിവച്ചതോടെയാണു ഭരണപ്രതിസന്ധി രൂക്ഷമായിരിക്കുന്നത്. ഇന്നാണ് ഈ രണ്ടു സ്ഥാനത്തേക്കുമുള്ള തെരഞ്ഞെടുപ്പുകൾ നടക്കുന്നത്.
നിലവിൽ കരുമാലൂർ പഞ്ചായത്ത് ഭരണം എൽഡിഎഫിനാണ്. 20 അംഗ ഭരണസമിതിയിൽ എൽഡിഎഫ്-9, യുഡിഎഫ്-9, ബിജെപി-1, സ്വതന്ത്രൻ -1 എന്നതാണു കക്ഷിനില.
സ്വതന്ത്രനായി വിജയിച്ച മുഹമ്മദ് മെഹ്ജൂബിന്റെ പിന്തുണയോടെയാണ് എൽഡിഎഫ് പഞ്ചായത്ത് ഭരണം പിടിച്ചത്. എൽഡിഎഫിലെ ധാരണ പ്രകാരം പ്രസിഡന്റായിരുന്ന ശ്രീലത ലാലുവും വൈസ് പ്രസിഡന്റായിരുന്ന ജോർജ് മേനാച്ചേരിയും രാജിവച്ചതോടെയാണു തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണ പിൻവലിച്ചാൽ ഭരണം നഷ്ടമാകും.
സ്വതന്ത്ര സ്ഥാനാർഥിയുടെ പിന്തുണ യുഡിഎഫ് ഉറപ്പിച്ചതായി സൂചനയുണ്ട്. മുൻ ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം സബിത നാസറിനും വൈസ് പ്രസിഡന്റ് സ്ഥാനം സ്വതന്ത്ര അംഗം മുഹമ്മദ് മെഹ്ജൂബിനുമാണു ലഭിക്കേണ്ടത്.
എന്നാൽ സ്വതന്ത്ര അംഗം പിന്തുണ പിൻവലിച്ചാൽ എൽഡിഎഫിനു ഭരണം നഷ്ടമാകും. ഇതു സിപിഎം നേതൃത്വത്തിനു തന്നെ വലിയ തിരിച്ചടിയായിരിക്കും.
അതിനു തടയിടാനായി എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി സബിതാ നാസറിനെ പിന്തുണയ്ക്കണമെന്നു കാട്ടി എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച മുഹമ്മദ് മെഹ്ജൂബിനു ഇടതുപക്ഷം വിപ്പ് നൽകിയിട്ടുണ്ട്.