അങ്കമാലി-എരുമേലി ശബരി റെയിൽ : ‘സ്ഥലമെടുപ്പും നിർമാണവും വേഗത്തിലാക്കണം’
1488481
Friday, December 20, 2024 4:04 AM IST
മൂവാറ്റുപുഴ: വിവാദങ്ങളൊഴിവാക്കി അങ്കമാലി-എരുമേലി ശബരി റെയിൽവേയുടെ സ്ഥലമെടുപ്പും നിർമാണവും വേഗത്തിലാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഒരുമിച്ചു പ്രവർത്തിക്കണമെന്ന് ശബരി റെയിൽവേ ആക്ഷൻ കൗണ്‍സിലുകളുടെ സംസ്ഥാന ഫെഡറേഷൻ ആവശ്യപ്പെട്ടു. 3810 കോടിയുടെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം അങ്കമാലി മുതൽ എരുമേലി വരെയുള്ള റെയിൽവേ ലൈൻ ആദ്യ ഘട്ടത്തിൽ നിർമിക്കണം. എരുമേലിയിൽനിന്ന് പന്പയിലേക്ക് റെയിൽവേ ലൈൻ നീട്ടുന്നതും ശബരി റെയിൽവേ ഇരട്ട പാതയാക്കുന്നതും അടുത്ത ഘട്ടത്തിൽ നടപ്പാക്കാമെന്നുള്ള സംസ്ഥാന സർക്കാരിന്റെ നിലപാട് 25 വർഷം മുന്‍പ് പദ്ധതിക്ക് വേണ്ടി കല്ലിട്ട് തിരിച്ച് സ്ഥലം ഉടമകൾക്ക് വേഗത്തിൽ നഷ്ട പരിഹാരം ലഭിക്കാൻ സഹായകരമാകുമെന്ന് ആക്ഷൻ കൗണ്‍സിൽ യോഗം വിലയിരുത്തി.
കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളമുള്ള പെരിയാർ റെയിൽവേ പാലവും ശബരി റെയിൽവേയ്ക്ക് വേണ്ടി നിർമിച്ച ശേഷം ഉപയോഗിക്കാതെ ഉപേക്ഷിച്ച നിലയിലാണ്. കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേ പാലവും മയക്കുമരുന്ന് മാഫിയയുടെ കീഴിലായി കഴിഞ്ഞു. സമീപത്തുള്ള വീടുകളിലെ ആളുകൾ സാമൂഹ്യവിരുദ്ധരുടെ ആക്രമണ ഭീതിയിൽ വീട് ഉപേക്ഷിച്ചു പോകേണ്ട അവസ്ഥയിലാണ്.
ത്രികക്ഷി കരാർ ഒപ്പുവച്ചു ശബരി റെയിൽ നടപ്പാക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയും മുഖ്യമന്ത്രിയും സംസ്ഥാന റെയിൽവേ മന്ത്രിയും പ്രഖ്യാപിച്ചിരുന്നതാണ്. ശബരി റെയിൽവേയ്ക്ക് വേണ്ടി ത്രികക്ഷി കരാർ ഒപ്പിടില്ലെന്നും കിഫ്ബി ഫണ്ട് വഴി പദ്ധതി നടപ്പാക്കാൻ സംസ്ഥാനത്തിന്റെ വായ്പ പരിധി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ നിലപാട് പദ്ധതിയെ വീണ്ടും അനിശ്ചിതത്തിലാക്കിയിരിക്കുകയാണെന്നും ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ പറഞ്ഞു.