അമ്മയുടെ മൃതദേഹം മകൻ ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു
1488485
Friday, December 20, 2024 4:42 AM IST
കൊച്ചി: എറണാകുളം വെണ്ണലയില്‍ മകന് അമ്മയുടെ മൃതദേഹം ആരുമറിയാതെ വീട്ടുമുറ്റത്ത് കുഴിച്ചിട്ടു. വെണ്ണല സെന്റ് മാത്യൂസ് ചര്‍ച്ച് റോഡ് നെടിയാറ്റില്‍ ലെയ്നിലെ നെടിയാറ്റില്‍ വീട്ടില്‍ പരേതനായ പീതാംബരന്റെ ഭാര്യ അല്ലിയാണ്(78) മരിച്ചത്. സംഭവത്തില്‍ മകന് പ്രദീപിനെ (46) പാലാരിവട്ടം പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യംചെയ്തശേഷം രാത്രിയോടെ വിട്ടയച്ചു. ഇന്നലെ പുലര്‍ച്ചെയാണ് അല്ലിയുടെ മരണം സംഭവിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. പ്രമേഹരോഗിയായിരുന്നു അല്ലി. ഇന്നലെ പുലര്‍ച്ചെ നാലോടെ പ്രദീപ് സമീപത്തെ വീടുകളിലെത്തി അമ്മ മരിച്ചുവെന്നും സംസ്കരിക്കാന്‍ സഹായിക്കണമെന്നും അഭ്യര്‍ഥിച്ചു. എന്നാല്‍ ഇയാള്‍ സ്ഥിരം മദ്യപാനിയായതുകൊണ്ട് ആരും വിശ്വസിച്ചില്ല. പിന്നീട് നാട്ടുകാരില്‍ ചിലര്‍ പ്രദീപ് വീട്ടിന് സമീപം കുഴിയെടുക്കുന്നത് കണ്ട് വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയാണ് അല്ലിയുടെ മൃതദേഹം പുറത്തെടുത്തത്. പോലീസ് എത്തുന്ന സമയത്തും ഇയാള്‍ മദ്യലഹരിയിലായിരുന്നു. പോലീസ് പ്രദീപിനെ ചോദ്യംചെയ്തപ്പോള്‍ അമ്മ ഇന്നലെ പുലര്‍ച്ചെ മരിച്ചെന്നും ഇക്കാര്യം പലരോടും പറഞ്ഞിരുന്നതായും പറഞ്ഞു. തുടര്‍ന്ന് പോലീസ് മൃതദേഹം പുറത്തെടുത്തു.
അല്ലിയും പ്രദീപും ഇയാളുടെ ഇളയ മകനുമാണ് ഇവിടെ താമസിക്കുന്നത്. പ്രദീപ് ഭാര്യയുമായി പിരിഞ്ഞു കഴിയുകയാണ്. ബുധനാഴ്ച പ്രദീപ് മരുന്നുവാങ്ങാനായി അമ്മയുമായി പുറത്തുപോയിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. അന്ന് രാത്രിയിലും മദ്യലഹരിയിലായിരുന്നു. ഇളയ മകന് സുഹൃത്തിനൊപ്പം പോയതിനാല്‍ അന്ന് രാത്രി വീട്ടില്‍ അല്ലിയും പ്രദീപും മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുധനാഴ്ചയും വീട്ടില്‍ നിന്ന് ബഹളം കേട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു.
പ്രദീപീന് രണ്ട് ടയര്‍ കടകളുണ്ട്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും പ്രദേശവാസികള്‍ പറയുന്നു. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മകള്‍ പ്രീതിയുടെ കങ്ങരപ്പടിയിലെ വീട്ടിലെ പൊതുദര്‍ശനത്തിനുശേഷം കാക്കനാട് ശ്മശാനത്തില്‍ സംസ്കരിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നശേഷമെ മരണകാരണം വ്യക്തമാകൂവെന്നും മൃതദേഹത്തില്‍ ബലപ്രയോഗം ഉള്‍പ്പെടെ അസ്വഭാവികമായി ഒന്നുമില്ലെന്നും പാലാരിവട്ടം പോലീസ് പറഞ്ഞു.