പഴയകാല നേതാക്കളെ തഴഞ്ഞു; വൈപ്പിനിലെ മുസ്ലിം ലീഗിൽ കൂട്ടരാജി
1487974
Wednesday, December 18, 2024 4:16 AM IST
വൈപ്പിൻ: ജില്ലാ കമ്മിറ്റി അടുത്തിടെ നാമനിർദ്ദേശം ചെയ്ത മുസ്ലിം ലീഗ് വൈപ്പിൻ നിയോജക മണ്ഡലം കമ്മിറ്റി, എടവനക്കാട്, നായരമ്പലം പഞ്ചായത്തു കമ്മിറ്റി എന്നിയിൽനിന്നും ഭാരവാഹികൾ കൂട്ട രാജി സമർപ്പിച്ചു.
മുസ്ലിം ലീഗ് മുൻ വൈപ്പിൻ നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയും ഇപ്പോഴത്തെ കമ്മിറ്റിയിലെ സീനിയർ വൈസ് പ്രസിഡന്റുമായ പി.എച്ച്. അബൂബക്കർ, നിയോജമണ്ഡലം സെക്രട്ടറി പി.ജി. സിറാജ്, അംഗം പി.എച്ച്. അബ്ദുൾ കാദർ, എടവനക്കാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റു മത്സ്യത്തൊഴിലാളി യൂണിയൻ (എസ്ടിയു) ജില്ല ട്രഷററുമായ എ.എം. സിദ്ധിഖ് , പഞ്ചായത്തു കമ്മിറ്റി സെക്രട്ടറിമാരായ എം. കെ. കലാം, വി.എച്ച്. നാസർ, കെ.ഏ. സുധീർ, നായരമ്പലം പഞ്ചായത്തു കമ്മിറ്റി പ്രസിഡന്റും നിയോജക മണ്ഡലം കമ്മിറ്റി അംഗവുമായ കെ.എ. മജീദ് എന്നിവരാണ് ജില്ലാ സെക്രട്ടറിക്കു രാജി സമർപ്പിച്ചിട്ടുള്ളത്.
പുതിയ കമ്മിറ്റികളിൽ പഴയകാല പ്രവർത്തകരെയും നേതാക്കളേയും തഴഞ്ഞ് പാർട്ടിയിൽ മെമ്പർഷിപ് പോലുമില്ലാത്തവരെ നേതൃത്വ സ്ഥാനത്തേക്ക് പ്രതിഷ്ഠിച്ച ജില്ലാക്കമ്മിറ്റിയുടെ നീതീകരിക്കാനാവാത്ത നടപടിക്കെതിരെയാണത്രേ കൂട്ടരാജി. അനുഭാവികളായി തുടരുമെന്ന് രാജിവച്ചവർ പറഞ്ഞു.