മെട്രോ നിർമാണത്തിനിടെ മണ്ണുമാന്തി യന്ത്രം തട്ടി ടിപ്പർ ഡ്രൈവർക്ക് ദാരുണാന്ത്യം
1488488
Friday, December 20, 2024 4:42 AM IST
കാക്കനാട്: കൊച്ചി മെട്രോ രണ്ടാം ഘട്ട നിർമാണം നടക്കുന്ന ഇൻഫോപാർക്ക് സൈറ്റിൽ മണ്ണുമാന്തി യന്ത്രം തട്ടി ടിപ്പർ ലോറി ഡ്രൈവർ മരിച്ചു. ആലുവ എടത്തല കുഴിവേലിപ്പടി തനങ്ങാട്ടിൽ വീട്ടിൽ അഷറഫിന്റെ മകൻ അഹമ്മദ് നൂർ (28) ആണ് മരിച്ചത്.
മണ്ണുമാന്തി യന്ത്രം പിന്നോട്ട് എടുത്തപ്പോൾ യന്ത്രഭാഗം തലയിൽ തട്ടുകയായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 2.55ഓടെ കാക്കനാട് മീഡിയ അക്കാദമിക്ക് സമീപത്തായിരുന്നു അപകടം. കാക്കനാട് സ്റ്റേഷൻ നിർമാണ കരാറുകാരന്റെ ഡ്രൈവറായിരുന്നു അഹമ്മദ് നൂർ.
ലോറിയിൽ മണ്ണ് കയറ്റിയതിന് ശേഷം ടാർപോളിൻ ഇടുന്നതിനായി ലോറിക്ക് പിന്നിലേക്ക് വരുന്നതിനിടെ അഹമ്മദ് നൂറിന്റെ തലയിൽ മണ്ണുമാന്തി യന്ത്രത്തിന്റെ എൻജിൻ ഭാഗം തട്ടുകയായിരുന്നു. ഉടൻ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. മാതാവ്: ആയിഷ ബീവി. ഭാര്യ: സഹറ.
ദൗര്‍ഭാഗ്യകരമെന്ന്
കെഎംആര്‍എല്‍
കൊച്ചി: ഇന്‍ഫോപാര്‍ക്കിലേക്കുള്ള കൊച്ചി മെട്രോ രണ്ടാം ഘട്ട പാതയുടെ നിര്‍മാണ സൈറ്റില്‍ വാഹനത്തിനിടയില്‍പ്പെട്ട് ടിപ്പര്‍ ലോറി ഡ്രൈവര്‍ അഹമ്മദ് നൂര്‍ മരിക്കാനിടയായ സംഭവം അങ്ങേയറ്റം ദൗര്‍ഭാഗ്യകരമെന്ന് കെഎംആര്‍എല്‍ അറിയിച്ചു. കൊച്ചി മെട്രോയുടെ കാക്കനാട് സ്റ്റേഷന്റെ നിര്‍മാണ കരാര്‍ എടുത്തിരിക്കുന്ന കരാറുകാരനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലോറി ഡ്രൈവറാണ് ഇദ്ദേഹം. മരണപ്പെട്ട വ്യക്തിയുടെ കുടംബത്തിന് നിയമം അനുശാസിക്കുന്ന എല്ലാ സഹായങ്ങളും ലഭ്യമാക്കുന്നതില്‍ പൂര്‍ണ സഹകരണം കെഎംആര്‍എല്‍ നല്‍കും. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിനും ആവശ്യമായ സഹായം നല്‍കും. അപകടം ഉണ്ടായ സാഹചര്യത്തില്‍ വര്‍ക്ക് സൈറ്റിലെ സുരക്ഷ ശക്തമാക്കുമെന്നും കെഎംആര്‍എല്‍ അറിയിച്ചു.