കരുമാലൂർ ‘കളി'യിൽ ജയിച്ചത് ഇടതുതന്ത്രം
1488743
Saturday, December 21, 2024 3:52 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്ത് ഭരണം കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് നിലനിർത്തി. കഴിഞ്ഞ തവണ എൽഡിഎഫിനെ പിന്തുണച്ച സ്വതന്ത്രൻ ഇത്തവണ മറുകണ്ടം ചാടിയപ്പോൾ കോൺഗ്രസ് അംഗത്തെ ചാക്കിട്ടുപിടിച്ച് എൽഡിഎഫ് അവരുടെ വൈസ് പ്രസിഡന്റാക്കിയാണ് ഭരണം നിലനിർത്തിയത്.
അവസാന നിമിഷത്തിൽ എൽഡിഎഫ് സ്വതന്ത്ര അംഗം മുഹമ്മദ് മെഹ്ജൂബ് പിന്തുണ പിൻവലിച്ചെങ്കിലും കോൺഗ്രസ് അംഗമായ പോൾസൻ ഗോപുരത്തിങ്കൽ എൽഡിഎഫിനെ പിന്തുണച്ചതോടെയാണു എൽഡിഎഫിനു ഭരണം നിലനിർത്താനായത്. എൽഡിഎഫിലെ സബിത നാസർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ എൽഡിഎഫിനൊപ്പം നിന്ന് പോൾസൻ ഗോപുരത്തിങ്കലും വൈസ് പ്രസിഡന്റായി.പ്രസിഡന്റായിരുന്ന ശ്രീലത ലാലു, വൈസ് പ്രസിഡന്റായിരുന്ന ജോർജ് മേനാച്ചേരി എന്നിവർ എൽഡിഎഫിലെ മുൻ ധാരണ പ്രകാരം രാജിവച്ച സാഹചര്യത്തിലാണു വീണ്ടും തെരഞ്ഞെടുപ്പ് നടന്നത്.
20 അംഗ ഭരണസമിതിയിൽ എൽഡിഎഫ്-9, യുഡിഎഫ് -9, ബിജെപി-1, സ്വതന്ത്രൻ -1 എന്നതായിരുന്നു കക്ഷിനില. കഴിഞ്ഞ നാലു വർഷമായി സ്വതന്ത്ര അംഗത്തിന്റെ പിന്തുണയോടെയായിരുന്നു എൽഡിഎഫ് ഭരണം നടത്തിയിരുന്നത്. എന്നാൽ സ്വതന്ത അംഗം യുഡിഎഫിനു പിന്തുണ നൽകിയതോടെ ഭരണം നഷ്ടപ്പെടുമെന്ന സാഹചര്യമുണ്ടായി.
ഇതിനിടെ നാടകീയ രംഗങ്ങൾ അരങ്ങേറുകയും വോട്ടെടുപ്പിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയോടെ എൽഡിഎഫ് ഭരണം നിലനിർത്തുകയായിരുന്നു. ഇന്നലെ രാവിലെ നടന്ന വോട്ടെടുപ്പിൽ, 10 വോട്ടു വീതം നേടിയാണ് എൽഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥി സബിത നാസറും വൈസ് പ്രസിഡന്റ് സ്ഥാനാർഥി പോൾസൻ ഗോപുരത്തിങ്കലും വിജയിച്ചത്.
ഏക ബിജെപി അംഗം വോട്ട് അസാധുവാക്കി. വിപ്പ് ലംഘിച്ച എൽഡിഎഫ് സ്വതന്ത്രനായ മുഹമ്മദ് മെഹ്ജൂബിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നേതൃത്വം അറിയിച്ചു.
പോൾസൻ ഗോപുരത്തിങ്കലിനെ
കോൺഗ്രസിൽനിന്ന് പുറത്താക്കി
കോൺഗ്രസ് നൽകിയ വിപ്പ് ലംഘിച്ച് വോട്ട് രേഖപ്പെടുത്തിയ പോൾസൻ ഗോപുരത്തിങ്കലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അറിയിച്ചു.