വന്യമൃഗങ്ങളെയും വനപാലകരെയും ഉപയോഗിച്ച് കുടിയിറക്ക് ശ്രമം: മാത്യു കുഴൽനാടൻ എംഎൽഎ
1488233
Thursday, December 19, 2024 5:53 AM IST
കോതമംഗലം: മലയോര ഗ്രാമങ്ങളിൽ നിശബ്ദമായ കുടിയിറക്ക് ശ്രമം നടക്കുകയാണെന്നും വന്യമൃഗങ്ങളുടെ ആക്രമണം മൂലം ജീവഹാനി ഭയന്ന് നാട് വിട്ടുപോകേണ്ട അവസ്ഥയിലാണ് മനുഷ്യരെന്നും മാത്യു കുഴൽനാടൻ എംഎൽഎ. തുടർച്ചയായുണ്ടാകുന്ന വന്യമൃഗ ശല്യത്തിനെതിരെ യുഡിഎഫ് കുട്ടന്‍പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
സാധാരണക്കാരായ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ സർക്കാർ തയാറാകാത്തപക്ഷം കൂടുതൽ ശക്തമായ പ്രക്ഷോഭത്തിന് യുഡിഎഫ് തുടക്കം കുറിക്കുമെന്നും മാത്യു കുടൽനാടൻ എംഎൽഎ പറഞ്ഞു. എൽദോസിന്റെ കുടുംബത്തിന് സർക്കാരും ഉദ്യോഗസ്ഥരും പറഞ്ഞിട്ടുള്ള നഷ്ടപരിഹാരവും കുടുംബത്തിന് താങ്ങായി കുടുംബാംഗത്തിന് ജോലി നൽകുവാനും തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും ബംഗ്ലാവ് കടവ് - മണികണ്ഠൻ ചാൽ, ബ്ലാവന, ഇഞ്ചത്തൊട്ടി പാലങ്ങൾ നിർമിക്കണമെന്നും ജനങ്ങൾ നട്ടുവളർത്തിയ തേക്കടക്കമുള്ള മരങ്ങൾ വെട്ടി ഉപയോഗിക്കുന്നതിന് കർഷകരെ അനുവദിക്കണമെന്നും മാത്യു കുഴൽനാടൻ എംഎൽഎ കൂട്ടിച്ചേർത്തു. ജനവാസ മേഖലയെ ഒഴിവാക്കി സീറോ ബഫർസോണ്‍ പ്രഖ്യാപിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
ജെയിംസ് കോറന്പേൽ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ബാബു ഏലിയാസ്, ഷമീർ പനക്കൽ, യുഡിഎഫ് നേതാക്കളായ എബി എബ്രഹാം, എം.എസ് എൽദോസ്, കെ.പി ബാബു, എ.ജി ജോർജ്, എ.സി രാജശേഖരൻ, ജോഷി പൊട്ടക്കൽ, കാന്തി വെള്ളക്കയ്യൻ, പി.കെ ചന്ദ്രശേഖരൻ നായർ, മാമച്ചൻ ജോസഫ്, ബീന റോജോ, റാണിക്കുട്ടി ജോർജ്, സൈജന്റ് ചാക്കോ എന്നിവർ പ്രസംഗിച്ചു.