മൂന്നംഗ സംഘത്തിന്റെ ആക്രമണം: യുവാവിന്റെ മൂക്കിന്റെ എല്ല് തകർന്നു
1488226
Thursday, December 19, 2024 5:53 AM IST
പനങ്ങാട്: മൂന്നംഗ സംഘത്തിന്റെ ആക്രമണത്തിൽ യുവാവിന്റെ മൂക്കിന്റെ എല്ല് തകർന്നു. ഗുരുതരമായി പരിക്കേറ്റ കുമ്പളം ഹോളി മേരീസ് റോഡ് മുക്കത്തുപറമ്പ് എൻ. രമേഷ്കുമാർ (32) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ കുമ്പളം സ്വദേശികളായ ഷൈജു, റനീഷ്, വിഷ്ണു എന്നിവർക്കെതിരെ പനങ്ങാട് പോലീസ് കേസെടുത്തു. പ്രതികൾ ഒളിവിലാണ്. ഇരുമ്പ് ദണ്ഡുകൊണ്ടുള്ള ആക്രമണത്തിൽ രമേഷിന്റെ മൂക്കിന്റെ എല്ല് തകർന്നു.
തലയുടെ പിറകിൽ രക്തം കട്ടപിടിച്ചു. ഗുരുതര നിലയിലായ രമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. അക്രമത്തിനിടെ രമേഷിന്റെ രണ്ടര പവൻ മാല പ്രതികൾ കവർന്നതായി പറയുന്നു. കഴിഞ്ഞ ദിവസം രാത്രി കുമ്പളം നോർത്തിലായിരുന്ന സംഭവം. വാഹനം നിർത്താൻ പറഞ്ഞിട്ട് നിർത്താത്തതിന്റെ പേരിലാണ് യുവാവിനെ ആക്രമിച്ചതെന്നാണ് പറയുന്നത്.