ആറുവയസുകാരിയെ രണ്ടാനമ്മ കൊന്നത് ബാധ്യതയാകാതിരിക്കാൻ
1488745
Saturday, December 21, 2024 3:52 AM IST
കോതമംഗലം: നെല്ലിക്കുഴിയിലെ ആറുവയസുകാരിയുടേത് രണ്ടാനമ്മ കരുതിക്കുട്ടി നടത്തിയ കൊലപാതകമെന്ന് പോലീസ് വ്യക്തമാക്കി. തങ്ങളുടെ ജീവിതത്തിൽ ബാധ്യത ആകാതെ ഒഴിവാക്കാൻ വേണ്ടിയായിരുന്നു കൊലപാതകം. കുട്ടിയുടെ രണ്ടാനമ്മ അനീഷയെ (23) പോലീസ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. അനീഷയുമായി അടുപ്പമുള്ള നെല്ലിക്കുഴി സ്വദേശിയായ ദുർമന്ത്രവാദിയെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും കുട്ടിയുടെ കൊലപാതകവുമായി ഇയാൾക്ക് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ പിതാവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നെങ്കിലും നിരപരാധിയാണെന്ന് ബോധ്യപ്പെട്ട് വിട്ടയച്ചു.
നെല്ലിക്കുഴി കുറ്റിലഞ്ഞിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശിയായ അതിഥി തൊഴിലാളി അജാസ്ഖാന്റെ (33) ആദ്യഭാര്യയിലുള്ള മകൾ മുസ്ക്കാനെയാണ് ബുധനാഴ്ച രാത്രി വീട്ടിനുള്ളിൽ രണ്ടാനമ്മ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. അജാസ് ഖാന്റെ ഭാര്യയായി എത്തിയതു മുതൽ മുസ്ക്കാനെ അനീഷ ഉപദ്രവിച്ചിരുന്നതായി അയൽവാസികൾ പറഞ്ഞു. അനീഷ എത്തുന്പോൾ ഇവർക്ക് ഒന്നര വയസുള്ള കുട്ടിയുണ്ട്. വീണ്ടും ഗർഭിണിയായതോടെ മുസ്ക്കാനെ ഒഴിവാക്കാൻ ലക്ഷ്യമിട്ടിരുന്നു.
കുട്ടിയുമായി ബന്ധം സ്ഥാപിക്കാൻ ആദ്യഭാര്യ അജാസ് ഖാനെ ഫോണിൽ വിളിച്ചിരുന്നതും അനീഷയുടെ വിരോധം വർധിപ്പിച്ചു. അജാസ് ഖാൻ രാത്രി ജോലിക്കു പോയ സമയം നോക്കി ഉറങ്ങിക്കിടന്ന കുട്ടിയെ വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് അനീഷ പോലീസിനോടു പറഞ്ഞു. ഉത്തർപ്രദേശ് സ്വദേശിയായ അനീഷയിൽ ദുർമന്ത്രവാദത്തിന്റെ സ്വാധീനം ഉണ്ടെങ്കിലും കൊലപാതകത്തിൽ ഇതു ഘടകമായിട്ടില്ലെന്നു പോലീസ് അറിയിച്ചു.
മുസ്ക്കാന്റെ മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗാളിയയ അമ്മ സീനയെ പോലീസ് വിവരം അറിയിച്ചെങ്കിലും എത്തില്ലെന്ന മറുപടിയാണു ലഭിച്ചത്. അജാസ് ഖാന്റെ ബന്ധുക്കളും എത്തിയിട്ടില്ല. കബറടക്കം ഇന്ന് രാവിലെ 10ന് കന്പനിപ്പടി നെല്ലിക്കുന്നത്ത് ജുമാ മസ്ജിദിൽ നടത്തും. അനീഷയുടെ കുട്ടിയെ ശിശുക്ഷേമ സമിതിക്കു കൈമാറി. വീട്ടിലെത്തിച്ചു തെളിവെടുപ്പിനു ശേഷം കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്ത അനീഷയെ കൂടുതൽ അന്വേഷണത്തിനായി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.