മഞ്ഞപ്പിത്ത വ്യാപനം: കളമശേരിയില്‍ 3 വാര്‍ഡുകളില്‍ അതീവ ജാഗ്രത
1488735
Saturday, December 21, 2024 3:52 AM IST
കളമശേരി: മഞ്ഞപ്പിത്ത വ്യാപനം സ്ഥിരീകരിച്ച കളമശേരിയിലെ മൂന്ന് വാര്‍ഡുകളില്‍ അതീവ ജാഗ്രതാ നിർദേശം നല്കി. നഗരസഭയിലെ 10, 12, 14 വാര്‍ഡുകളിലായി 13 പേര്‍ക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. നഗരസഭാ പരിധിയിലെ ചില ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കും മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിട്ടുണ്ട്. വെള്ളം, ഐസ് എന്നിവയിലൂടെ രോഗം പകര്‍ന്നതായാണ് കണ്ടെത്തൽ.
രോഗം പടര്‍ന്ന മേഖലകളില്‍ ക്ലോറിനേഷന് നടത്തി. കുടിവെള്ളം പരിശോധനയ്ക്ക് അയച്ചു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ മുപ്പതിലധികം പേര്‍ക്ക് രോഗ ലക്ഷണമുണ്ട്. പത്താം വാര്‍ഡില്‍ പെരിങ്ങഴയില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 10 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 10, 12 വാര്‍ഡുകളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതർ.
വിട്ടുമാറാത്ത പനി, ഛര്‍ദി, തലകറക്കം, ക്ഷീണം, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങളോടെയാണ് മിക്കവരും ആശുപത്രിയിലെത്തിയത്. പ്രതിരോധ നടപടികളുടെ ഭാഗമായി സൂപ്പര്‍ ഡ്രൈവ് ആരംഭിച്ചതായി കളമശേരി നഗരസഭാ ചെയര്‍പേഴ്സണ്‍ സീമ കണ്ണന് പറഞ്ഞു.
പ്രതിരോധ നടപടികള്‍
ശക്തമാക്കും: മന്ത്രി പി. രാജീവ്
കളമശേരി: മഞ്ഞപ്പിത്ത വ്യാപനം തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മന്ത്രി പി. രാജീവ്. കളമശേരി നഗരസഭയില്‍ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് മഞ്ഞപ്പിത്ത കേസുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രോഗ വ്യാപനം തടയുന്നതിന് വിപുലമായ ബോധവത്കരണം നടത്തും. സ്വകാര്യ ചടങ്ങിന് ഉപയോഗിച്ച കിണറിലെ വെള്ളമാണ് രോഗവ്യാപനത്തിന് ഇടയാക്കിയത് എന്നാണ് പ്രഥമിക വിലയിരുത്തല്‍. മറ്റ് കിണറുകളിലും ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യമുണ്ട്. 28 ദിവസത്തിനു ശേഷം മാത്രമെ രോഗലക്ഷണം കാണാനാകു എന്നതിനാല്‍ ചടങ്ങില്‍ പങ്കെടുത്തവരുടെ വിവരങ്ങള്‍ ആശ വര്‍ക്കര്‍മാര്‍ വഴി ശേഖരിച്ച് അവര്‍ക്ക് പ്രത്യേക പരിശോധന നടത്തും.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ കളമശേരി മെഡിക്കല്‍ കോളജിന്റെയും മറ്റ് ആശുപത്രികളുടെയും സഹായത്തോടെ മൂന്ന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഇന്ന് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വീടുകളിലെയും കിണറുകളിലെയും വെള്ളം ശുദ്ധീകരിക്കുന്നതിന് വാര്‍ഡുകള്‍ കേന്ദ്രീകരിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ എന്നീ മൂന്നു ദിവസങ്ങളില്‍ ക്ലോറിനേഷന് നടത്തും. ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ എങ്ങനെ കൈകാര്യം ചെയ്യണം, കിണറുകള്‍ എങ്ങനെ ക്ലോറിനേറ്റ് ചെയ്യണം തുടങ്ങി വിവരങ്ങള്‍ അടങ്ങിയ നോട്ടീസ് എല്ലാ വീടുകളിലും മുനിസിപ്പാലിറ്റി മുഖേന വിതരണം ചെയ്യും. കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ വേണ്ടത്ര ശ്രദ്ധയില്ലാതെ കക്കൂസ് മാലിന്യങ്ങള്‍ ഒഴുക്കുന്നുണ്ടെന്ന പരാതിയില്‍ മുനിസിപ്പാലിറ്റി വിപുലമായ പരിശോധന നടത്തും.
ചടങ്ങുകളില്‍ പൊതുവായി ഭക്ഷണം വിതരണം ചെയ്യുന്നുണ്ടെങ്കില്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ആശ വര്‍ക്കര്‍മാരും, ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം പരിശോധന നടത്തണംസുരക്ഷിതമായി ചടങ്ങു നടത്തുന്നതിനുള്ള അവസരമാണ് പരിശോധനയിലൂടെ ഒരുക്കുന്നതെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു
രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. ആശ വര്‍ക്കര്‍മാരുടെ ശ്രദ്ധയില്‍പ്പെടുന്ന കാര്യങ്ങള്‍ ഉടന്‍ വാര്‍ഡ് കൗണ്‍സിലര്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തണം. ആശ വര്‍ക്കര്‍മാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ക്കു നല്കുന്ന വിവരങ്ങള്‍ ഏകോപിപ്പിച്ച് ദ്രുതഗതിയില്‍ റിപ്പോര്‍ട്ട് മുനിസിപ്പാലിറ്റിക്ക് നല്‍കണമെന്നും മന്ത്രി പറഞ്ഞു.