അമിതഭാര ലോറികളുടെ ചീറിപ്പായൽ; മൈക്രോവേവ് റോഡ് തകർന്നു
1488749
Saturday, December 21, 2024 3:52 AM IST
മൂവാറ്റുപുഴ: അമിതഭാരം കയറ്റിയുള്ള ലോറികളുടെ ചീറിപ്പായലിനെ തുടർന്ന് മൈക്രോവേവ് റോഡ് പൂർണമായും തകർന്നു. ഇതുവഴി കാൽനടയാത്ര പോലും ദുസഹമായിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. റോഡിന്റെ പല ഭാഗങ്ങളിലും വൻ ഗർത്തങ്ങളാണ്. പായിപ്ര - നെല്ലിക്കുഴി റോഡിലെ മൈക്രോ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് ത്രിവേണി - സ്കൂൾ പടി റോഡിൽ അവസാനിക്കുന്ന ഒന്നേകാൽ കിലോമീറ്റർ റോഡാണ് തകർന്നത്. പായിപ്ര പഞ്ചായത്തിലെ ഒന്നാം വാർഡിലൂടെ പോകുന്ന റോഡാണിത്. നിരവധി പ്രതിഷേധങ്ങൾക്കൊടുവിൽ വർഷങ്ങൾക്ക് മുന്പാണ് റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. ജില്ലാ പഞ്ചായത്തിന്റെയും, പഞ്ചായത്തിന്റെയും ഫണ്ട് ഉപയോഗിച്ചാണ് റോഡ് നവീകരിച്ചത്.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്ലൈവുഡ് കന്പനികളിലേക്ക് മുപ്പതും നാൽപ്പതും ടണ് ഭാരം കയറ്റിയ ലോറികളാണ് വന്നുപോകുന്നത്.
രാത്രി സമയത്തുള്ള ഭാരവാഹനങ്ങളുടെ ഓട്ടം റോഡിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവരുടെ ഉറക്കം കെടുത്തിയിരിക്കുകയാണ്. കേന്ദ്ര സർക്കാർ സ്ഥാപനമായ മൈക്രോവേവ് സ്റ്റേഷനിലേക്ക് പോകുന്നതാനായി കേന്ദ്ര സർക്കാർ നിർമിച്ച റോഡാണിത്. കുഴികളിലും മറ്റും വീണ് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. ഓട്ടം വിളിച്ചാൽ ഓട്ടോറിക്ഷാ ഡ്രൈവർമാർ ഇതുവഴി വരാൻ തയാറല്ല.
ഇപ്പോൾ പഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഈ റോഡ് നവീകരിക്കണമെങ്കിൽ വൻ തുക വേണ്ടി വരും. അമിത ഭാരവണ്ടികളുടെ ഓട്ടം നിയന്ത്രിക്കാതെ റോഡ് നവീകരിച്ചതുകൊണ്ട് യാതൊരു പ്രയോജനവും ലഭിക്കില്ലെന്നും പ്രദേശവാസികൾ ചൂണ്ടിക്കാട്ടി.