മറ്റുള്ളവരിലേക്കു തുറന്നിരിക്കുന്ന മുഖമായിരിക്കണം നമ്മുടേത്: മാര്‍ ജേക്കബ് അങ്ങാടിയത്ത്
1488748
Saturday, December 21, 2024 3:52 AM IST
പാലാ: മറ്റുള്ളവരിലേക്കു തുറന്നിരിക്കുന്ന മുഖമായിരിക്കണം നമ്മുടേതെന്നു ചിക്കാഗോ മുൻ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്. മറ്റുള്ളവരിലേക്കു സ്നേഹത്തിന്റെ നീര്‍ച്ചാലുകള്‍ തുറക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാലാ രൂപത കണ്‍വന്‍ഷന്റെ രണ്ടാം ദിനം വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
നമ്മെത്തന്നെ മറ്റുള്ളവരുമായി താരതമ്യം ചെയ്യരുത്. സാധാരണമായി നമ്മളേക്കാള്‍ ഉയര്‍ന്ന നിലവാരത്തിലുള്ളവരോട് നാം താരതമ്യം ചെയ്യുമ്പോള്‍ നമ്മില്‍ അസൂയ ജനിക്കുന്നു. നമ്മേക്കാള്‍ വിഷമം അനുഭവിക്കുന്നവരുമായി താരതമ്യം ചെയ്താലേ അവരെയും നമ്മെയും ഉയര്‍ത്താന്‍ നമുക്ക് കഴിയുകയുള്ളൂ. നമ്മുടെ ചുറ്റുമുള്ള ഓരോരോ അസ്വസ്ഥത അനുഭവിക്കുന്നവരുടെ അവസ്ഥ നമ്മെ ഓര്‍മിപ്പിക്കുന്നത് അവരെ ചേര്‍ത്തുനിര്‍ത്താനും അവര്‍ക്കുവേണ്ടി ജീവിക്കാനും അവരെപ്പറ്റി കരുതലുള്ളവരായിരിക്കാനും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനും പ്രാര്ഥിക്കാനുമാണെന്നും മാര്‍ അങ്ങാടിയത്ത് കൂട്ടിച്ചേർത്തു.
വിശുദ്ധ കുർബാനയിൽ ഫാ.ജോസഫ് മുത്തനാട്ട്, ഫാ. ജോസ് കുറ്റിയാങ്കല്‍, ഫാ. ഇമ്മാനുവല്‍ കാഞ്ഞിരത്തുങ്കല്‍, ഫാ. ജോര്‍ജ് ഒഴുകയില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു.
യുവജന മഹാസംഗമം ഇന്ന്
പാലാ: യുവജന വര്‍ഷാചരണത്തിന്റെ ഭാഗമായി യുവജനസംഗമം "എല്‍റോയി' ബൈബിള്‍ കണ്‍വന്‍ഷനോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. ഇന്നു രാവിലെ 8.30 മുതല്‍ ഉച്ചകഴിഞ്ഞു രണ്ടു വരെയാണ് കണ്വന്ഷന് ഗ്രൗണ്ടില്‍ യുവജന സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോമലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി യുവജനസംഗമം ഉദ്ഘാടനം ചെയ്യും.
ബൈബിള്‍ കണ്‍വന്‍ഷനില്‍ ഇന്ന്
ഉച്ചകഴിഞ്ഞ് 3.30ന് ജപമാല, നാലിന് വിശുദ്ധ കുര്‍ബാനയ്ക്ക് രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തില്‍ മുഖ്യകാര്‍മികത്വം വഹിക്കും. ഫാ. ജോണ്സണ് പുള്ളീറ്റ്, ഫാ. ആല്വിന് ഏറ്റുമാനൂക്കാരന്‍, ഫാ. സ്കറിയ മേനാംപറമ്പില്‍, ഫാ. സെബാസ്റ്റ്യന്‍ ആലപ്പാട്ടുകോട്ടയില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിക്കും.