മാഞ്ഞാലി റിപ്പബ്ലിക് കനാൽ: വിജിലൻസ് പരിശോധന നടത്തി
1488501
Friday, December 20, 2024 4:42 AM IST
കരുമാലൂർ: കരുമാലൂർ പഞ്ചായത്തിലെ മാഞ്ഞാലി റിപ്പബ്ലിക് കനാൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് പരിശോധന നടത്തി. വിജിലൻസ് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ പരിശോധന നടത്തിയത്.
2019- 20 കാലത്താണ് ക്രമക്കേട് നടന്നതായി പരാതിയുള്ളത്. അക്കാലത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ജില്ലാ പഞ്ചായത്ത് അംഗം, കരുമാലൂർ പഞ്ചായത്ത് സെക്രട്ടറി, പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരടക്കം 13 പേർക്കെതിരെ മാഞ്ഞാലി മാട്ടുപുറം സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം നടക്കുന്നത്. പ്രാഥമിക അന്വേഷണം നടത്തി പോയതിനു പിന്നാലെയാണു തുടരന്വേഷണം ആരംഭിച്ചിരിക്കുന്നത്.
രണ്ടു ഘട്ടമായി ഒരു കോടി രൂപ ചെലവിട്ടാണു പദ്ധതി പൂർത്തീകരിക്കാൻ നിശ്ചയിച്ചത്. ആദ്യഘട്ട നിർമാണം പൂർത്തിയാകുകയും അതിനുള്ള പണം സർക്കാർ ചെലവിടുകയും ചെയ്തു. രണ്ടാം ഘട്ടത്തിനു പണം അനുവദിക്കാനിരിക്കേയാണ് ആദ്യഘട്ട നിർമാണത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി വിജിലൻസിന് പരാതി നൽകിയത്. ഇതോടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.
ജില്ലാ പഞ്ചായത്ത് ഫണ്ട് ലഭിക്കുന്നതിനായി മൂന്നര മീറ്റർ വീതിയുള്ള റിപ്പബ്ലിക്ക് കനാൽ റോഡ് ആറു മീറ്ററാക്കി തിരുത്തി കരുമാലൂർ പഞ്ചായത്തിന്റെ ആസ്തി റജിസ്റ്ററിൽ ഉൾപ്പെടെ കൃത്രിമം നടത്തിയതായി പറയുന്നു. കൂടാതെ പ്രദേശത്തെ പള്ളിത്തോട് എന്നറിയപ്പെടുന്ന പൊതു തോട് ഉൾപ്പെടെ നികത്തിയെടുത്താണു നിർമാണം നടന്നതെന്നും പറയുന്നു. പരിശോധനയിൽ പറവൂർ ഭൂരേഖ തഹസിൽദാറും ക്രമക്കേട് ശരിവച്ചു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
വിജിലൻസ് കൊച്ചി യൂണിറ്റ് നടത്തിയ മിന്നൽ പരിശോധനയിൽ പരാതിയിൽ ഉന്നയിച്ച വിഷയങ്ങളിൽ കഴമ്പ് ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്നാണു പ്രഥമിക റിപ്പോർട്ട് വിജിയൻസ് ഡയറക്ടർക്കു സമർപ്പിക്കുകയും അതിനെ തുടർന്നാണു തുടർ നടപടികൾ ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് ഉദ്യോഗസ്ഥരും കൂടെയുണ്ടായിരുന്നു.