ആറു വയസുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ
1488486
Friday, December 20, 2024 4:42 AM IST
കോതമംഗലം: നെല്ലിക്കുഴിയില്‍ അതിഥി തൊഴിലാളിയുടെ ആറു വയസുകാരിയായ മകളെ വീടിനുള്ളിൽ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ കാണപ്പെട്ടു. പിതാവും രണ്ടാനമ്മയും പോലീസ് കസ്റ്റഡിയില്‍. നെല്ലിക്കുഴി കുറ്റിലഞ്ഞിക്ക് സമീപം പുതുപ്പാലം ഭാഗത്ത് താമസിക്കുന്ന ഉത്തര്‍പ്രദേശ് സ്വദേശി അജാസ്ഖാന്റെ (33) ആദ്യ ഭാര്യയിലെ മകള്‍ മുസ്ക്കാന്‍ (ആറ്) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം സമീപവാസികള്‍ അറിഞ്ഞത്.
അജാസും രണ്ടാം ഭാര്യ അനീഷയും (23) ഒരു മുറിയിലും രണ്ടാം ഭാര്യയുടെ മകള്‍ രണ്ട് വയസുള്ള കുഞ്ഞും മുസ്ക്കാനും മറ്റൊരു മുറിയിലുമാണ് രാത്രി ഉറങ്ങാന്‍ കിടന്നതെന്നാണ് അജാസ് സമീപവാസികളോട് പറഞ്ഞത്. മുസ്ക്കാനെ വിളിച്ചിട്ട് അനക്കമില്ലെന്ന് പറഞ്ഞ് അജാസ് കുട്ടിയെ തോളിലിട്ട് തൊട്ടടുത്ത വീട്ടുകാരെ കാണിക്കുകയായിരുന്നു. അയല്‍ക്കാർ വിവരം വാര്‍ഡ് മെമ്പറെ അറിയിച്ചാണ് പോലീസെത്തിയത്. അജാസിന്റെയും രണ്ടാം അനീഷയുടെയും പെരുമാറ്റത്തില്‍ സംശയം തോന്നിയ പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇന്‍ക്വസ്റ്റ് വേളയില്‍ കുട്ടിയുടെ മുഖത്തു കണ്ട ക്ഷതമേറ്റ പാടാണ് പോലീസിന്റെ സംശയം ബലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായി. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുട്ടിയുടെ മാതാവിനെയും ബന്ധുക്കളെയും വിവരം അറിയിച്ചിട്ടുണ്ട്.
30 വര്‍ഷം മുമ്പ് അജാസിന്റെ കുടുംബം നെല്ലിക്കുഴിയില്‍ എത്തിയതാണ്. ഏഴു വര്‍ഷം മുമ്പ് പുതുപ്പാലത്ത് സ്വന്തമായി സ്ഥലം വാങ്ങി വീടു പണിതു. രണ്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യ പിണങ്ങി പോയതിനെ തുടര്‍ന്ന് അജാസ് യുപിക്ക് മടങ്ങിയിരുന്നു. അഞ്ചു മാസം മുമ്പാണ് രണ്ടാം ഭാര്യ അനീഷയും അനീഷയുടെ രണ്ടരവയസുള്ള കുഞ്ഞുമായി തിരിച്ച് പുതുപ്പാലത്ത് എത്തിയത്.
ഇന്നലെ രാത്രിയോടെ റൂറല്‍ എസ്.പി. ഡോ. വൈഭവ് സക്സേന കോതമംഗലത്തെത്തി. മൂവാറ്റുപുഴ ഡിവൈഎസ്പി പി.എം. ബൈജു, കോതമംഗലം സിഐ. പി.ടി. ബിജോയി എന്നിവര്‍ എസ്പിക്ക് ഒപ്പം ചേര്‍ന്ന് രാത്രി വൈകിയും അജാസിനെയും അനീഷയെയും ചോദ്യം ചെയ്ത് വരികയാണ്. അനീഷയുടെ അറസ്റ്റ് രേഖപ്പെടുത്തി.