സ്ഥിരം ലഹരി വിൽപ്പനക്കാരെ ജയിലിലടച്ചു
1488227
Thursday, December 19, 2024 5:53 AM IST
മട്ടാഞ്ചേരി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളിൽ ലഹരി ഉപയോഗം തടയുകയെന്ന ലക്ഷ്യത്തോടെ ലഹരിക്കെതിരെ നടപടി ശക്തമാക്കി പോലീസ്. ഇതിന്റെ ഭാഗമായി സ്ഥിരം ലഹരി വിൽപ്പനക്കാരെ ജയിലിടച്ചു.
ഇത്തരക്കാരെ കരുതൽ തടങ്കലിൽ വയ്ക്കാനുള്ള പ്രൊവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക്കിംഗ് (പിറ്റ്) എൻഡിപിഎസ് ആക്ട് പ്രകാരം മട്ടാഞ്ചേരി ലോബോ ജംഗ്ഷനിൽ അസ്റാജ് കെട്ടിടത്തിൽ ഷമീർ എന്ന ചെമ്മൻ ഷമീർ(34), മട്ടാഞ്ചേരി പുതുക്കാട്ടുപറമ്പിൽ തൗഫീഖ് (29) എന്നിവരെയാണ് പോലീസ് ജയിലിലടച്ചത്.
നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയായ ഷെമീർ പശ്ചിമകൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരിൽ ഒരാളാണെന്ന് പോലീസ് പറഞ്ഞു.
പലതവണ ജയിലില്‍ കിടന്നിട്ടുള്ള ഇരുവരും ജയിലില്‍നിന്ന് ഇറങ്ങി വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരികയായിരുന്നു. തുടർന്നാണ് കൊച്ചി സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷ്ണർ കെ.എസ്. സുദർശൻ ഇയാൾക്കെതിരെ പിറ്റ് എൻഡിപിഎസ് ആക്ട് പ്രകാരമുള്ള നടപടികൾക്കായുള്ള റിപ്പോർട്ട് അഭ്യന്തര വകുപ്പിലേക്ക് അയച്ചത്.
ഇത് പ്രകാരം ഇയാളെ ഒരുവർഷത്തേക്ക് തടവിലാക്കുന്നതിന് ആഭ്യന്തര വകുപ്പ് ഉത്തരവിടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി.