നെല്ലാട് കിഴക്കമ്പലം റോഡിൽ ബിഎംബിസി ടാറിംഗ് ആരംഭിച്ചു
1488200
Thursday, December 19, 2024 5:22 AM IST
കോലഞ്ചേരി: കാത്തിരിപ്പിനൊടുവിൽ നെല്ലാട് കിഴക്കമ്പലം റോഡിൽ ബിഎംബിസി ടാറിംഗ് ആരംഭിച്ചു. ഇന്നലെ രാത്രി മുതലാണ് കിഴക്കമ്പലം അന്ന ജംഗ്ഷൻ മുതൽ ടാറിങ്ങ് ആരംഭിച്ചത്.ഒരു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനിടയിൽ പലതവണ അറ്റകുറ്റപ്പണി നടത്തിയശേഷം ഒടുവിൽ ബിഎം, ബിസി നിലവാരത്തിൽ പുനർനിർമിക്കുന്നതിന് 10.45 കോടിരൂപ കെആർഎഫ്ബി അനുവദിക്കുകയായിരുന്നു.തിരുവനന്തപുരത്ത് വച്ച് കെആർഎഫ്ബി ഉദ്യോഗസ്ഥരുമായി പി.വി. ശ്രീനിജിൻ എംഎൽഎ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചത്.
പട്ടിമറ്റം മുതൽ കിഴക്കമ്പലം വരെ അറ്റകുറ്റപ്പണിക്ക് 1.34 കോടിയും നെല്ലാട് മുതൽ പട്ടിമറ്റം വരെ 1.10 കോടിയും അനുവദിച്ചെങ്കിലും തുക തികയാത്തതിനാൽ റോഡ് പൂർണതോതിൽ സഞ്ചാരയോഗ്യമാക്കാനായില്ല. ഇതോടെ വീണ്ടും 1.59 കോടി കൂടി അനുവദിച്ചു. എന്നാൽ ആദ്യം അനുവദിച്ച തുക കൊണ്ട് പണി പൂർത്തിയായ ഭാഗം മഴ കനത്തതോടെ വീണ്ടും പഴയ പടിയായി. റോഡിൽ കാൽനടയാത്ര പോലും സാദ്ധ്യമാകാത്ത അവസ്ഥയിലാണ് അഡ്വ. പി.വി. ശ്രീനിജിൻ എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ഇപ്പോൾ തുക അനുവദിച്ചത്.
കെആർഎഫ്ബി, കിഫ്ബി ഉദ്യോഗസ്ഥരെ ഏകോപിപ്പിച്ച് നടത്തിയ നീക്കങ്ങൾക്കൊടുവിലാണ് പുനർനിർമാണ ടെൻഡർ നടപടികൾ പൂർത്തിയായി നിർമാണം തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാൽ എത്രയും വേഗം ടാറിംഗ് പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് എംഎൽഎ അറിയിച്ചു.